അട്ടേങ്ങാനം: പാട്ടില്‍ വിസ്മയം തീര്‍ക്കുന്ന 5 വയസ്സുകാരി താരാ രഞ്ജിത്ത് റിയാലിറ്റി ഷോയിലും താരമായി മാറുകയാണ്. അട്ടേങ്ങാനം പാടിയരയിലെ അഞ്ജു രഞ്ജിത്ത് ദമ്പതികളുടെ മകളാണ് താരാ രഞ്ജിത്ത്. റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ അതിയായ താല്‍പര്യവും വാശിയും കാണിച്ചപ്പോഴാണ് പ്രവാസിയായ എം.എ.മ്യൂസിക് ബിരുദധാരി അഞ്ജു മകളെയും കൂട്ടി നാട്ടിലെത്തുന്നത്. ഫ്‌ലവേഴ്‌സ് ചാനലിലെ ടോപ്പ് സിംഗര്‍ 4 എന്ന റിയാലിറ്റി ഷോയില്‍ അവസരം ലഭിച്ച താരയിപ്പോള്‍ മലയാളികളുടെ വിസ്മയമായി മാറിയിരിക്കുകയാണ്.
മലയാളികളുടെ പ്രിയങ്കരിയായ കൊച്ചു മിടുക്കി താരാ രഞ്ജിത്തിനെ കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈ .പ്രസിഡന്റ് പി.ദാമോദരന്‍ വീട്ടിലെത്തി അനുമോദിച്ച് ഉപഹാരം നല്‍കി.കെ.ആര്‍.കെ.കല്യോട്ട്, പി.പത്മനാഭന്‍, കെ .സ്മിത എന്നിവര്‍ സംബന്ധിച്ചു. അന്തരിച്ച പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഉണ്ണിക്കൃഷ്ണന്‍ പുഷ്പഗിരിയുടെ മകളുടെ മകളാണ് താരാ രഞ്ജിത്ത്.