തിരുവനന്തപുരം: സോഫ്റ്റ് പവര്‍ എന്ന നിലയില്‍ അന്താരാഷ്ട്ര കാര്യങ്ങളില്‍ ഇന്ത്യയ്ക്കും ഇറ്റലിക്കും ഒരേ ലോക വീക്ഷണമാണുള്ളതെന്ന് ഇറ്റാലിയന്‍ അമ്പാസിഡര്‍ വിന്‍സെന്‍സോ ഡി ലൂക്ക പറഞ്ഞു. പ്രതിസന്ധികള്‍ നിറഞ്ഞ ആഗോള രാഷ്ട്രീയത്തില്‍ ഇനി സമാധാനത്തിന്റെ സമയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആഹ്വാനമാണ് ജി 20 രാജ്യങ്ങളുടെ സമ്മേളനത്തില്‍ നാഴികക്കല്ല് ആയതെന്നും അദ്ദേഹം പറഞ്ഞു. ടെക്‌നോപാര്‍ക്കില്‍ നടക്കുന്ന സോഫ്റ്റ് പവര്‍ ക്ലബിന്റെ ദ്വിദിന വാര്‍ഷിക സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലൂണിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ഊഷ്മള സൗഹൃദത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബന്ധത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധം സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ തന്ത്ര പ്രധാന മേഖലകള്‍ കൂടാതെ കല, സംസ്‌കാരം, പൈതൃകം, ഇനോവേഷന്‍ മുതലായ മേഖലകളിലും ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നിരവധി സാധ്യതകളാണുള്ളത്.
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഏറ്റവും അധികം സ്ഥലങ്ങളുള്ള രണ്ടു രാജ്യങ്ങളാണ് ഇറ്റലിയും ഇന്ത്യയും. വിവിധ സമൂഹങ്ങളുടെ മൂല്യം, ആശയം, വീക്ഷണം, സംസ്‌കാരം എന്നിവയ്ക്കിടയിലുള്ള പാലമായി വര്‍ത്തിക്കുമ്പോഴാണ് സോഫ്റ്റ് പവര്‍ എന്ന ആശയം സാര്‍ത്ഥകമാകുന്നത്. ആഗോള രാഷ്ട്രീയ വ്യവസ്ഥിതിയില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യയുടെ പ്രാധാന്യത്തെ റോമിലെ മുന്‍ മേയറും 2006 ഉപ പ്രധാനമന്ത്രിയുമായിരുന്ന ഫ്രാന്‍സിസ്‌കോ റൂട്ടെല്ലി എടുത്ത് പറഞ്ഞു. 2020 ല്‍ ഫ്രാന്‍സിസ്‌കോ റൂടെല്ലിയാണ് സോഫ്റ്റ് പവര്‍ ക്ലബ് ആരംഭിച്ചത്. സോഫ്റ്റ് പവര്‍ എന്ന നിലയില്‍ ഇന്ത്യയുടെ പങ്ക് ഏറെ നിര്‍ണായകമാണ്. ഇന്ത്യയുടെ സംഭാവനയില്ലാതെ ഒരു ബഹുകക്ഷി കരാറുകളും നടക്കാറില്ല. സോഫ്റ്റ് പവറിന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരളം. ചരിത്രപരമായ പ്രാധാന്യവും സാങ്കേതിക ഡിജിറ്റല്‍ മേഖലയിലെ നൂതനാശയങ്ങളും ഇതിന് കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
ജി 20 സമ്മേളനത്തിന് മുന്നോടിയായി കുമരകത്ത് നടത്തിയ യോഗം വന്‍ വിജയമായിരുന്നുവെന്ന് ജി 20 സമ്മേളനത്തിലെ ഇന്ത്യയുടെ ഷെര്‍പ അമിതാബ് കാന്ത് പറഞ്ഞു. ഈ സമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് ഇറ്റാലിയന്‍ അമ്പാസിഡര്‍ സോഫ്റ്റ് പവര്‍ ക്ലബ്ബ് വാര്‍ഷികയോഗം കേരളത്തില്‍ നടത്താമെന്ന് നിര്‍ദ്ദേശിച്ചത്. സംസ്ഥാനത്തെ ടൂറിസം വകുപ്പ് പെട്ടന്ന് തന്നെ ഇത് അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ആഗോള പൈതൃക പദ്ധതികളില്‍ കേരളത്തില്‍ നിന്നുള്ള കലാകാരന്‍മാര്‍ നല്‍കുന്ന പങ്ക് നിസ്തുലമാണെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേശക സമിതിയംഗം സഞ്ജീവ് സന്യാല്‍ ചൂണ്ടിക്കാട്ടി. ബേപ്പൂരില്‍ നിന്നുള്ള ബാബു ശങ്കരന്റെ നേതൃത്വത്തിലുള്ള കലാകാരന്‍മാര്‍ ഗോവയില്‍ നിര്‍മ്മിക്കുന്ന ഇരുമ്പാണികള്‍ ഇല്ലാത്ത 20 മീറ്റര്‍ നീളമുള്ള ചെറു കപ്പല്‍ ഇതിന് ഉദാഹരണമാണ്. അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ തൊഴില്‍വൈദഗ്ധ്യം സംരക്ഷിക്കുന്നതിന് ഇന്ത്യന്‍ നേവിയും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
2025 അവസാനത്തോടെ കപ്പലിന്റെ പണി പൂര്‍ത്തിയാവുകയും ആദ്യ യാത്ര ഒമാനിലേക്കും പിന്നീട് ബാലി ദ്വീപിലേക്കും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അജന്ത ഗുഹയില്‍ നിന്ന് ലഭിച്ച ചിത്രങ്ങളില്‍ നിന്നുമാണ് ഇതിന്റെ പ്രചോദനം ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.