കാസര്‍കോട്: സര്‍വ്വ മേഖലകളെയും തൊട്ടുണര്‍ത്തുന്നതും നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതുമായ 2024-25 വര്‍ഷത്തെ കാസര്‍കോട് നഗരസഭയുടെ ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് അവതരിപ്പിച്ചു. ചെയര്‍മാന്‍ അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു.
ഏറെ ജനത്തിരക്കേറിയ കാസര്‍കോട് നഗരത്തിലെ വാഹന പാര്‍ക്കിംഗ് പ്രശ്‌നം പരിഹരിക്കുന്നതിന് നഗരത്തില്‍ ”പാര്‍ക്കിംഗ് പ്ലാസ” നിര്‍മ്മിക്കാന്‍ ആവശ്യമായ ശ്രമങ്ങള്‍ നടത്തുമെന്നതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം. നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ആധുനിക രീതിയില്‍ റസ്റ്റ് റൂം കെട്ടിടം ഒരുക്കും. കഫേ സൗകര്യം, ടോയ്‌ലറ്റ്, വൈഫൈ, ഗാര്‍ഡന്‍, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ തുടങ്ങിയവ അതില്‍ തയ്യാറാക്കും. കൂടാതെ നഗരത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ബസ് സ്റ്റോപ്പുകള്‍ ഒരുക്കും. കുടിവെള്ള സംവിധാനവും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സംവിധാനവും ബസ് സ്റ്റോപ്പില്‍ ഒരുക്കും.
നഗരത്തിന്റെ സൗന്ദര്യ വല്‍ക്കരണമാണ് ബജറ്റിലെ മറ്റൊരു പ്രധാന പ്രഖ്യാപനം. നഗരസഭയുടെ ലഭ്യമായ സ്ഥലങ്ങളില്‍ നഗര സൗന്ദര്യവല്‍ക്കരണം നടത്തും. നഗരത്തില്‍ വെര്‍ട്ടികല്‍ ഗാര്‍ഡന്‍, ഇരിപ്പിടങ്ങള്‍, അലങ്കാര വിളക്കുകള്‍ സ്ഥാപിക്കും. ശുചിത്വം നിറഞ്ഞ പരിസരവും ശുദ്ധവായുവും സമാധാന പൂര്‍വമായ അന്തരീക്ഷവും ജനങ്ങള്‍ക്ക് ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുന്ന യാത്രക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, നഗരസഭ പുതിയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേക്ക് സൗകര്യപ്രദമായി പോകാനും തിരിച്ചുവരാനും സൗജന്യമായി സൈക്കിള്‍ സൗകര്യം ഒരുക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തും.
നഗരത്തിലെ ഐ.സി ഭണ്ഡാരി റോഡ്, സിറ്റി ഗോള്‍ഡ് ജംഗ്ഷന് സമീപമുള്ള നായക്‌സ് റോഡിലേക്ക് പോകുന്ന റോഡ്, പഴയ പ്രസ് ക്ലബ് ജംഗ്ഷന്‍ മുതല്‍ ചന്ദ്രഗിരി പാലം വരെയുള്ള റോഡ് തുടങ്ങിയവ വീതി കൂട്ടും. കാസര്‍കോട് നഗരസഭയെയും മധൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന നെല്‍ക്കള – പാറക്കട്ട റോഡ് നിര്‍മ്മിക്കും. ആധുനിക നഗരങ്ങളെ വെല്ലും വിധം ”നൈറ്റ് സിറ്റി റൂട്ട്”, ”ട്രഡീഷണല്‍ മാര്‍ക്കറ്റ്” എന്നിവ സ്ഥാപിക്കുന്നതിന് പദ്ധതികള്‍ നടപ്പിലാക്കും. തദ്ദേശീയമായി നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ”ട്രഡീഷണല്‍ മാര്‍ക്കറ്റ്” വഴി സാധിക്കും.
നഗരസഭ ഓഫീസ് പരിസരത്ത് ആധുനിക രീതിയിലുള്ള പുതിയ കോണ്‍ഫറന്‍സ് ഹാള്‍ കെട്ടിടം നിര്‍മ്മിക്കും. താഴത്തെ നിലയില്‍ കടമുറികള്‍ ഒരുക്കും. ഇതിലൂടെ തനത് വരുമാനം വര്‍ദ്ധിക്കും. വിദ്യാഭ്യാസ ഉന്നമനത്തിന് സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടറുകള്‍ നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. വ്യവസായ സംരംഭങ്ങള്‍ക്ക് ഊന്നല്‍ നല്‍കും.
ആരോഗ്യ മേഖലയില്‍ നഗരത്തില്‍ പോളി ക്ലിനിക് തുടങ്ങാനും ഗവ. ജനറല്‍ ആശുപത്രിയില്‍ ഫിസിയോ തെറാപ്പി ക്ലിനിക് ആരംഭിക്കാനും ഗവ. ആയുര്‍വേദ ആശുപത്രിയില്‍ പേ വാര്‍ഡ് ആരംഭിക്കാനും പദ്ധതികള്‍ ആവിഷ്‌കരിക്കും. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജനറല്‍ ആശുപത്രിയിലേക്ക് അനുവദിച്ച ഏഴരക്കോടി രൂപയുടെ കെട്ടിട നിര്‍മ്മാണ പദ്ധതി വേഗത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കും.
നഗരസഭ പുതിയ ബസ് സ്റ്റാന്‍ഡിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ ഏജന്‍സി മുഖേന നടന്നുകൊണ്ടിരിക്കുകയാണ്. എത്രയും വേഗത്തില്‍ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കും. പുതിയ ബസ് സ്റ്റാന്‍ഡ് നവീകരണത്തോടൊപ്പം ആയത് ഭംഗിയായി നടത്തിക്കൊണ്ട് പോവുന്നതിനും അധിക വരുമാനം ലഭിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നതാണ്. നഗരസഭ പരിധിയിലെ പാര്‍ക്കുകള്‍ സംരക്ഷിക്കുന്നതിനും വൃത്തിയായി നടത്തിക്കൊണ്ടു പോകുന്നതിനും സ്വകാര്യ ഏജന്‍സികളുമായി സഹകരിച്ചു കൊണ്ട് പദ്ധതി തയ്യാറാക്കും. ഇതിലൂടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു.
മാലിന്യ നിര്‍മാര്‍ജ്ജന, ശുചിത്വ മേഖലയില്‍ കേളുഗുഡ്ഡെ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ കാലാ കാലങ്ങളായി നിക്ഷേപിച്ച ലെഗസി മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് (നാലു കോടി രൂപ), പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് (ഒരു കോടി രൂപ), RRF നവീകരണം (ഒരു കോടി രൂപ) തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കും. കാസര്‍കോട് നഗരസഭ മാതൃകാപരമായി നടത്തിക്കൊണ്ടുപോകുന്ന തുമ്പൂര്‍ മൊഴി മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതി കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കും. കക്കൂസ് മാലിന്യം സംസ്‌കരിക്കുന്ന സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് (100 കോടി രൂപ) പദ്ധതിക്കുള്ള ഡി.പി.ആര്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ പദ്ധതി നടപ്പിലാക്കാന്‍ വേണ്ട സ്ഥലം ലഭ്യമാകാത്തതിനാല്‍ പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ തടസ്സം നേരിടുകയാണ്. ആവശ്യമായ സ്വകാര്യ ഭൂമി വാങ്ങി പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കും.
കായിക മേഖലയ്ക്ക് കരുത്ത് പകരാന്‍ ആധുനിക രീതിയില്‍ എല്ലാ സംവിധാനങ്ങളോടും കൂടിയ ടര്‍ഫ് കോര്‍ട്ട് നിര്‍മ്മിക്കും. നഗരസഭാ സ്റ്റേഡിയം നവീകരിക്കുന്നതിന്റെ ഭാഗമായി ഫുട്‌ബോള്‍ ടര്‍ഫ്, സിന്തറ്റിക് ട്രാക്ക് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 10 കോടി രൂപയുടെ ഡി.പി.ആര്‍ തയ്യാറാക്കിയിട്ടുണ്ട്. പദ്ധതിയിലേക്ക് ഫണ്ട് കണ്ടെത്തുന്നതിന് നടപടികള്‍ വേഗത്തിലാക്കും. സ്‌കൂള്‍ തലങ്ങളില്‍ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ തുടങ്ങാന്‍ നടപടികള്‍ ആരംഭിക്കും.
ടൂറിസത്തിന് ഏറെ അനുയോജ്യമായ കാസര്‍കോടിന്റെ മണ്ണില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കും. അതിമനോഹരമായ 4.5 കിലോമീറ്ററോളം വളവുകളില്ലാത്ത നെല്ലിക്കുന്ന് കടല്‍തീരം ടൂറിസത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റും. ബീച്ച് ഫെസ്റ്റ് സഘടിപ്പിക്കും. ഫോര്‍ട്ട് റോഡ് കോട്ട സംരക്ഷിച്ച് ടൂറിസ്റ്റ് കേന്ദ്രമാക്കും. നഗരസഭാ സീ വ്യൂ പാര്‍ക്കിലേക്ക് പുതിയ റോഡ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
നഗരസഭയുടെ ചിട്ടയായ മാലിന്യ നിര്‍മാര്‍ജ്ജന ശുചിത്വ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നഗരസഭ പരിധിയിലെ 80 ശതമാനം ആളുകളും മാലിന്യം വലിച്ചെറിയാതെ മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ ബോധവാന്മാര്‍ ആയിട്ടുണ്ട്. ബാക്കിയുള്ള 20 ശതമാനം ആളുകളെയും ബോധവല്‍ക്കരിച്ച് കാസര്‍കോട് നഗരസഭയെ മാലിന്യമുക്ത നഗരസഭയാക്കാന്‍ ശ്രമിക്കും.
മൃഗസംരക്ഷണം, വനിതാ വികസനം, കുടുംബശ്രീ, വിദ്യാഭ്യാസം, കായികം, ആരോഗ്യം, കലാ-സാംസ്‌കാരികം, ഭിന്നശേഷിക്കാരുടെ ക്ഷേമം, ചെറുകിട വ്യവസായം, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ-ലൈഫ്, പട്ടികജാതി-പട്ടികവര്‍ഗ്ഗം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളില്‍ ആവശ്യമായ വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്നും ബജറ്റില്‍ പറയുന്നു.
സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ഖാലിദ് പച്ചക്കാട്, സഹീര്‍ ആസിഫ്, സിയാന ഹനീഫ്, റീത്ത ആര്‍, രജനി കെ, കൗണ്‍സിലര്‍മാര്‍, നഗരസഭാ സെക്രട്ടറി ജസ്റ്റിന്‍ പി.എ, നഗരസഭാ എഞ്ചിനീയര്‍ ദിലീഷ് എന്‍.ഡി, ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.