കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതി (പി.എം.ജെ.വി.കെ) മുഖേന നിര്‍മ്മിച്ച സദ്ഭാവന മന്ദിരം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, സ്‌പോര്‍ട്‌സ്, വഖ്ഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പും സംയുക്തമായി തുക ചിലവഴിച്ചാണ് സദ്ഭാവന മന്ദിരം നിര്‍മ്മിക്കുന്നതെന്നും മികച്ച രീതിയില്‍ സദ്ഭാവന മന്ദിരം പ്രവര്‍ത്തിച്ചു മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കട്ടെയെന്നും മന്ത്രി വി.അബ്ദുറഹ്‌മാന്‍ പറഞ്ഞു. ചെങ്കള പഞ്ചായത്തിലെ ചെര്‍ക്കളയിലാണ് സദ്ഭാവന കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 1 കോടി 40 ലക്ഷം രൂപയാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ ചിലവ്. 75ഓളം പേര്‍ക്ക് ഇരിക്കാന്‍ പറ്റാവുന്ന കെട്ടിടമാണ് നിര്‍മ്മിച്ചിട്ടുള്ളത്. സൗകര്യപ്രദമായ അടുക്കളയും 30 പേര്‍ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള ഹാളും 4 ടോയ്‌ലറ്റുകളും സദ്ഭാവന മന്ദിരത്തിലുണ്ട്. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും ഏറെ പിന്നില്‍ നില്‍ക്കുന്ന മത ന്യൂനപക്ഷ വിഭാഗത്തെ സാമൂഹ്യപരമായി മുന്നിലെത്തിക്കുക, വിദ്യാഭ്യാസപരമായി പുരോഗതി നേടാനും തൊഴില്‍ പരിശീലനവും സംഘടിപ്പിക്കുക, പി.എസ്.സി, യു.പി.എസ്.സി പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുക, മത സൗഹാര്‍ദ്ദ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സദ്ഭാവന മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചായിന്റടി, ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ഷാഹിന സലീം, പി.ഡബ്ല്യൂ.ഡി കോണ്‍ട്രാക്ടര്‍ എം.എ.അബൂബക്കര്‍ എന്നിവര്‍ക്ക് മന്ത്രി ഉപഹാരം സമ്മാനിച്ചു.
എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രിയ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.എ.ഖദീജത്ത് സമീമ, ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിന്‍ കബീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹനീഫ പാറ ചെങ്കള, സി.വി.ജെയിംസ്, ജമീല അഹമ്മദ്, കലാഭവന്‍ രാജു, എന്‍.എ.ബദറുല്‍ മുനീര്‍, സുകുമാര കുതിരപ്പാടി എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.ബി.വിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ.സൈമ സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സക്കീന അബ്ദുള്ള ഹാജി നന്ദിയും പറഞ്ഞു. സദ്ഭാവന മന്ദിരത്തിന്റെ ഉദ്ഘാടനത്തിനോടനനുബന്ധിച്ച് വജ്രജൂബിലി കലാകാരന്മാര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.