കാഞ്ഞങ്ങാട്: കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ വന്ധ്യത ചികിത്സ പദ്ധതിയായ ജനനി കാസര്‍ഗോഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ താലോലം ’24 എന്ന പേരില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. ജനനി പദ്ധതിയിലെ ചികിത്സയിലൂടെ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ സാധിച്ച ദമ്പതികളുടെ കുടുംബ സംഗമമാണ് താലോലം ’24. വന്ധ്യത ചികിത്സയുടെ ചെലവ് അതിഭീമമായ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമായ ചെലവ് കുറഞ്ഞതും പാര്‍ശ്വഫല രഹിതവുമായ ചികിത്സയാണ് ജനനി പദ്ധതിയിലൂടെ ഹോമിയോപ്പതി വകുപ്പ് കഴിഞ്ഞ പത്തോളം വര്‍ഷങ്ങളായി സംസ്ഥാനത്തുടനീളം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. കാഞ്ഞങ്ങാട് ജില്ലാ ഹോമിയോപ്പതി ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജനനി പദ്ധതി വഴി കാസര്‍ഗോഡ് ജില്ലയില്‍ മാത്രം 145 സ്ത്രീകള്‍ ഗര്‍ഭം ധരിക്കുകയും 117 കുട്ടികള്‍ ജനിക്കുകയും ചെയ്തു. കാസര്‍ഗോഡ് ജില്ലയില്‍ ജനനി പദ്ധതിയിലൂടെ നൂറിലധികം കുഞ്ഞുങ്ങള്‍ ജനിച്ച സന്തോഷം പങ്കുവയ്ക്കുന്നതിനായാണ് താലോലം ’24 എന്ന പേരില്‍ കുടുംബ സംഗമം സംഘടിപ്പിച്ചത്. ശനിയാഴ്ച കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍ നടന്ന താലോലം ’24 ന്റെ ഉദ്ഘാടനം കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ആരോഗ്യ രംഗത്ത് എല്ലാ മേഖലകളിലും ജില്ലാ പഞ്ചായത്ത് നല്ല പ്രോത്സാഹനമാണ് നല്‍കിക്കൊണ്ടുവരുന്നതെന്നും ഹോമിയോപ്പതി വകുപ്പിന്റെ ജനനി പദ്ധതിയിലൂടെ സമൂഹത്തിന് നല്ല സന്ദേശമാണ് നല്‍കാന്‍ കഴിഞ്ഞിരിക്കുന്നത് എന്നും അവര്‍ പറഞ്ഞു. ഉദ്ഘാടനത്തെ തുടര്‍ന്ന് സന്തോഷ സൂചകമായി കേക്ക് മുറിയും, ജനനി പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള സ്‌നേഹസമ്മാനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വിതരണം ചെയ്തു.കാഞ്ഞങ്ങാട് ഗവണ്‍മെന്റ് ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ബി. അമ്പിളി അധ്യക്ഷത വഹിച്ചു. ജില്ലാഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എ. കെ. രേഷ്മ ആമുഖ പ്രസംഗം നടത്തി.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അഡ്വക്കേറ്റ് എസ്.എന്‍. സരിത, വാര്‍ഡ് കൗണ്‍സിലര്‍ വന്ദന ബല്‍രാജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനനി ജില്ലാ കണ്‍വീനര്‍ ഡോക്ടര്‍ സി.പി.ബഷീറ ബാനു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ‘മിടുക്കരാക്കാം നമ്മുടെ മക്കളെ’ എന്ന വിഷയത്തില്‍ സൈക്കോളജിസ്റ്റ് അശ്വതി അശോകന്‍ ക്ലാസ് കൈകാര്യം ചെയ്തു. ഡോക്ടര്‍ രതീഷ്. പി സ്വാഗതവും ഡോക്ടര്‍ പി. കെ. വിപിന്‍രാജ് നന്ദിയും പറഞ്ഞു.