കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ പുതിയ ഭരണനിര്‍വ്വഹണ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 20ന് നാടിന് സമര്‍പ്പിക്കും. ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍. അംബേദ്കറുടെ നാമധേയത്തിലുള്ള മന്ദിരം ഓണ്‍ലൈനായാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയെന്ന് വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു പത്രസമ്മേളനത്തില്‍ പറഞ്ഞു. 22 സംസ്ഥാനങ്ങളിലെ 37 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 12,744 കോടി രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയോ തറക്കല്ലിടുകയോ ചെയ്യും. ഇതില്‍ കേരളത്തില്‍നിന്നും കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ പദ്ധതി മാത്രമാണുള്ളത്. ജമ്മുവില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിന് പുറമെ കേരള കേന്ദ്ര സര്‍വ്വകലാശാലയിലും പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. പെരിയ ക്യാമ്പസ്സില്‍ ഭരണനിര്‍വ്വഹണ ആസ്ഥാന മന്ദിരത്തിന് മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പരിപാടിയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ, കോര്‍ട്ട്, എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍, അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി ആയിരത്തിലേറെപ്പേര്‍ ചടങ്ങുകള്‍ക്ക് സാക്ഷിയാകും.
മൂന്ന് നില, 38.16 കോടി
മൂന്ന് നിലകളിലായി 68200 സ്‌ക്വയര്‍ ഫീറ്റില്‍ 38.16 കോടി രൂപ ചെലവിലാണ് ഡോ. ബി.ആര്‍. അംബേദ്കര്‍ ഭവന്‍ നിര്‍മ്മിച്ചിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഹെഫ (ഹയര്‍ എജ്യൂക്കേഷന്‍ ഫിനാന്‍സിംഗ് ഏജന്‍സി) സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് 2020ല്‍ നിര്‍മ്മാണം ആരംഭിച്ചു. ഭൂമിയുടെ സ്വാഭാവികത നഷ്ടപ്പെടുത്താതെ ഭൂപ്രകൃതി അതേപടി നിലനിര്‍ത്തിയാണ് നിര്‍മ്മാണം. സര്‍വ്വകലാശാലയുടെ ഭാവിയിലെ വികസനവും കണക്കിലെടുത്തുള്ള സൗകര്യങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്.
നിലവില്‍ ഗംഗോത്രി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഭരണനിര്‍വ്വഹണവുമായി ബന്ധപ്പെട്ട മുഴുവന്‍ വിഭാഗങ്ങളും പുതിയ മന്ദിരത്തിലേക്ക് മാറും. ആദ്യ നിലയിലാണ് വൈസ് ചാന്‍സലറുടെ കാര്യാലയം. എക്‌സിക്യുട്ടീവ് കൗണ്‍സില്‍ യോഗം ഉള്‍പ്പെടെ നടത്തുന്നതിനുള്ള കോണ്‍ഫറന്‍സ് ഹാളും ഇവിടുണ്ട്. രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നീ സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരുടെ ഓഫീസുകള്‍, അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ്, ഫിനാന്‍സ്, എക്്‌സാം, പര്‍ച്ചേസ് തുടങ്ങി വിവിധ സെക്ഷനുകളും മന്ദിരത്തില്‍ പ്രവര്‍ത്തിക്കും. ദിവ്യാംഗ സൗഹൃമാണ് കെട്ടിടം. ലിഫ്റ്റ്, വൈഫൈ, പാര്‍ക്കിംഗ് സൗകര്യം എന്നിവയുമുണ്ട്.
അടിസ്ഥാന സൗകര്യ വികസനത്തില്‍ മുന്നേറ്റം
പുതിയ ഭരണനിര്‍വ്വഹണ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മുന്നേറ്റമാണ് സര്‍വ്വകലാശാല നടത്തുന്നത്. സംസ്ഥാനത്ത് ആദ്യമായി ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാം (ഐടിഇപി) സര്‍വ്വകലാശാല ആരംഭിച്ചിരുന്നു. കൂടുതല്‍ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കാനുള്ള മുന്നൊരുക്കത്തിലുമാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യ വികസനം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികളും സര്‍വ്വകലാശാല സ്വീകരിച്ചിട്ടുണ്ട്. 35 കോടി രൂപ ചെലവില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ഹോസ്റ്റലിന്റെ നിര്‍മ്മാണം നടന്നുവരികയാണ്. ഇത് ഉടന്‍ തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിലവില്‍ എട്ട് ഹോസ്റ്റലുകളുണ്ട്. 19 കോടി രൂപ ചെലവഴിച്ചുള്ള ലൈബ്രറി കെട്ടിടത്തിന്റെ നിര്‍മ്മാണവും അവസാന ഘട്ടത്തിലാണ്. ഹെല്‍ത്ത് സെന്റര്‍, ഗസ്റ്റ് ഹൗസ്, ഫാക്കല്‍റ്റി ക്വാര്‍ട്ടേഴ്‌സ്, ഹോസ്റ്റലുകള്‍ക്ക് കോമണ്‍ ഡൈനിംഗ് ഹാള്‍ എന്നിവ അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ടവയാണ്. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, ഡീന്‍ അക്കാദമിക് പ്രൊഫ. അമൃത് ജി കുമാര്‍, മീഡിയ ആന്റ് പബ്ലിസിറ്റി ചെയര്‍മാന്‍ പ്രൊഫ. സജി ടി.ജി, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കെ. സുജിത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.