പാലക്കുന്ന് : പത്ത് വര്‍ഷം മുന്‍പാണ് പാലക്കുന്ന് കഴകത്തിലെ സ്ത്രീകളെ ഏകോപിപ്പിച്ച് ഭഗവതി ക്ഷേത്ര ഭരണ സമിതിയുടെ കീഴില്‍ മാതൃ സമിതി
ക്ക് രൂപം നല്‍കിയത്. 32 പ്രാദേശിക സമിതികളുടെ കീഴില്‍ അത്രയും മാതൃസമിതികളും ഉണ്ട് . അതില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരാണ് കേന്ദ്ര മാതൃസമിതിയുടെ ഭാരവാഹികള്‍. ക്ഷേത്ര മാതൃസമിതിയുടെ ദശ വാര്‍ഷിക വര്‍ഷമാണിത്.ആഘോഷങ്ങള്‍ ഒഴിവാക്കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിന്റെ ഭാഗമായി ‘നിര്‍ധന കുടുംബത്തിന് വീട്’പദ്ധതിയില്‍ സ്‌ക്രീനിംഗ് കമ്മിറ്റി പ്രഥമ സ്ഥാനത്ത് കണ്ടെത്തിയ ചിത്താരിയിലെ കുടുംബത്തിന് ഈ കൂട്ടായ്മ വീടൊരുക്കി നല്‍കിയിരുന്നു. രണ്ടാമത്തെ വീടിന്റെ പണി അരമങ്ങാനം ദേളി കുന്നുപാറയില്‍ പണി പൂര്‍ത്തിയായിവരുന്നു. മാനുഷികത്തിന്റെ പ്രായോഗിക തത്വശാസ്ത്രത്തിലൂന്നി പ്രകൃതിയെ വണങ്ങുന്ന ബ്രുഹത്തായ മറ്റൊരു പദ്ധതിയുമായാണ് പാലക്കുന്ന് ക്ഷേത്ര മാതൃസമിതി ഇപ്പോള്‍ രംഗത്ത്. ‘മരം ഒരു വരം; തരും അത് ഒരായിരം ഫലങ്ങള്‍’ എന്ന ആശയം ഉള്‍ക്കൊണ്ട് പ്രകൃതിയുടെയും ഭാവി തലമുറയുടെയും ആരോഗ്യകരമായ നിലനില്‍പ്പിന് സഹായകമാകുമെന്ന തിരിച്ചറിവിലാണ് പത്താം വാര്‍ഷികത്തിന്റെ ഭാഗമായി 10008 വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുന്ന ‘ഹരിത യജ്ഞം’ പദ്ധതിക്ക് ക്ഷേത്ര ഭരണ സമിതിയുടെ കീഴില്‍ തുടക്കമിട്ടത്. പ്രവാസികളായ ഒരു കൂട്ടം പ്രകൃതി സ്‌നേഹികളുടെ സഹകരണത്തോടെയാണിത് നടപ്പിലാക്കുന്നത്. നട്ടുപിടിപ്പിക്കുന്ന തൈകള്‍ വേണ്ട വിധം പരിപാലിക്കുന്നുണ്ടെന്നു മാതൃസമിതി പ്രവര്‍ത്തകര്‍ ഉറപ്പു വരുത്തും . നല്ല രീതീയില്‍ പരിപാലിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്നും അവര്‍ അറിയിച്ചു.
നീലേശ്വരം കടിഞ്ഞിമൂലയില്‍ ജീവനം പദ്ധതിയിലെ കൃഷി ശാസ്ത്രഞ്ജനും പരിസ്ഥിതി പ്രവര്‍ത്തകനുമായ പി.വി . ദിവാകരനാണ് ഇത്രയും തൈകള്‍ നഴ്‌സറിയില്‍ നിന്ന് തയ്യാറാക്കി നല്‍കിയത്. ഹരിതയുടെ ഭാഗമായി ഒരു ക്ഷേത്രങ്ങളിലും ഇത്രയും ബ്രുഹത്തായ പദ്ധതി ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നാല് ലക്ഷത്തോളം രൂപ ചെലവുള്ള പദ്ധതിയാണിത്. 32 പ്രാദേശിക സമിതികളിലെ വീടുകളില്‍ 10008 ഫലവൃക്ഷ തൈകള്‍ എത്തിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മാതൃസമിതി പ്രസിഡന്റ് മിനി ഭാസ്‌കരന്‍,ജനറല്‍ സെക്രട്ടറി വീണാ കുമാരന്‍,മറ്റു ഭാരവഹികളായ വിനയ വേണുഗോപാലന്‍, സുകുമാരി അമ്പാടി, ബേബി ബാലകൃഷ്ണന്‍, ശ്രീലേഖ ദാമോദരന്‍, ദേവകി സുരേഷ് എന്നിവര്‍ അറിയിച്ചു. 10008 ലെ 8 എന്ന അക്കം ഹൈന്ദവ സംസ്‌കൃതിയുമായി ബന്ധപ്പെട്ടതാണ്. കഴക പരിധിയിലെ നൂറിലേറെ വരുന്ന വയനാട്ടുകുലവന്‍ തറവാടു ഭവനങ്ങളിലും സമീപ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലും ഔഷധ ചെടികളും എത്തിക്കും. ഞായറാഴ്ച ക്ഷേത്ര ഭജന സുവര്‍ണ ജൂബിലിയുടെ സമാപന ചടങ്ങില്‍ ‘ഹരിത യജ്ഞ’ത്തിന് തുടക്കം കുറിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിതരണം ആരംഭിക്കും