പാലക്കുന്ന് : മീനം മകീര്യം നാളിലാണ് പൂരോത്സവത്തിന് തുടക്കമെങ്കിലും അതിന്റെ ഭാഗമായി പാലക്കുന്ന് കഴകത്തില്‍ മറുത്തു കളി കുംഭം മകീര്യം നാളില്‍ തന്നെ ആരംഭിച്ചു. ഇത് മറ്റെങ്ങും ഇല്ലാത്ത രീതിയാണ്.
അഞ്ചു വര്‍ഷത്തിന് ശേഷമാണ് പൂരോത്സവത്തിന്റെ ഭാഗമായി പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ മറുത്തു കളി നടത്തുന്നത്. മൂന്ന് തറകള്‍ കേന്ദ്രീകരിച്ചാണ് അതിനായി പണിക്കന്മാരെ നിശ്ചയിക്കുന്നത്. മേല്‍ത്തറയിലെ രാജേഷ് അണ്ടോള്‍ പണിക്കരും കീഴ്ത്തറയിലെ ബാബു അരയി പണിക്കരും തമ്മിലുള്ള മറുത്തു കളി തിങ്കളാഴ്ച മേല്‍ത്തറ തറയില്‍ വീട് തറവാട്ടില്‍ അരങ്ങേറി. നീലമന ഈശ്വരന്‍ നമ്പൂതിരിയായിരുന്നു അധ്യക്ഷന്‍. 22ന് ഇവര്‍ കീഴ്ത്തറയില്‍ മറുത്തു കളി നടത്തും.
പണിക്കന്മാര്‍ സംസ്‌കൃത പദ്യം ചൊല്ലി മലയാളത്തില്‍ വ്യാഖ്യാനം നടത്തി സംവാദം നടത്തും. അത് നീണ്ടുപോകുമ്പോള്‍ അധ്യക്ഷന്‍ ഇടപെടും. ഇത് കേള്‍ക്കാനും പൂരക്കളി കാണാനും നൂറു കണക്കിനാളുകള്‍ മേല്‍ത്തറയില്‍ എത്തിയിരുന്നു. വ്യാഴാഴ്ച്ച ഈ പണിക്കന്മാരുടെ കളി കീഴ്ത്തറയില്‍ തുടരും. പൂരോത്സവനാളില്‍ പാലക്കുന്ന് ക്ഷേത്രത്തില്‍ പെരുമുടി തറ, മേല്‍ത്തറ പണിക്കന്മാര്‍ മാര്‍ച്ച് 21നും, കീഴ്ത്തറ, പെരുമുടി തറ പണിക്കന്മാര്‍ 22നും മറുത്തു കളി നടത്തും. പൂരം ഒന്നാം നാളായ 23ന് മൂന്ന് പണികന്മാരും ചേര്‍ന്ന് ഒത്തുകളിയും നടത്തും.