പാലക്കുന്ന് : കാര്‍ഷികവൃത്തി ദൈവീക കര്‍മമായി ആചരിക്കുന്ന ഒരു സമൂഹത്തിന്റെ വിശ്വാസത്തില്‍ അധിഷ്ഠിതമായ അനുഷ്ഠാനങ്ങളില്‍
ഏറെ പ്രാധാന്യമുള്ളതാണ് പത്താമുദായം.ചിങ്ങപ്പിറവിക്ക് ശേഷം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ കുലകൊത്തി നടത്തുന്ന ഉത്സവങ്ങളില്‍ ആദ്യത്തേതാണ് പത്താമുദയം. കോലത്തുനാട്ടില്‍ നൂറ്റാണ്ടുകളായി ആചരിച്ചുവരുന്ന അനുഷ്ഠാനോദയമാണിത്. വ്യാഴാഴ്ച്ച രാത്രി ഭണ്ഡാര വീട്ടില്‍ നിന്ന് മേലേ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് ഘോഷയാത്രയോടെയാണ് ഇവിടെ ഉത്സവത്തിന് തുടക്കമായത്. വെള്ളിയാഴ്ച്ച പകല്‍ ദേവിക്ക് നിവേദ്യ സമര്‍പ്പണത്തിന് ശേഷം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വിളമ്പുന്ന പുത്തരി സദ്യയുണ്ണാന്‍ ആയിരങ്ങളെത്തുമെന്ന് ഭരണസമിതി ഭാരവാഹികള്‍ അറിയിച്ചു. 6000 പേര്‍ക്കുള്ള സദ്യയും മഞ്ഞള്‍ ഇല ചേര്‍ത്ത് പ്രത്യേക രുചിക്കൂട്ടില്‍ തയ്യാറാക്കുന്ന ‘ചക്കരച്ചോര്‍’ പായസവുമാണ് പുത്തരി സദ്യയുടെ സവിശേഷത. അന്നപൂര്‍ണ്ണേശ്വരിയായ പാലക്കുന്നമ്മയുടെ സന്നിധിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഭേദവ്യത്യാസമില്ലാതെ പുത്തരി സദ്യയില്‍ പങ്കെടുക്കുന്നത് പതിവാണ് . ക്ഷേത്ര ഭരണ സമിതിയുടെ മേല്‍നോട്ടത്തില്‍
ക്ഷേത്രം സ്ഥിതി ചെയ്യുന്ന കരിപ്പോടി പ്രാദേശിക സമിതിയും മാതൃസമിതിയും സംയുക്തമായാണ് ഉത്സവത്തിന് ഭക്ഷണം ഒരുക്കുന്നതും വിളമ്പുന്നതും. പത്താമുദയ നാളിലെ പുത്തരി സദ്യയും ചക്കരച്ചോറുണ്ണുന്നതും ഭക്തര്‍ക്ക് വിശ്വാസത്തിന്റെ ഭാഗമാണ്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം തിരിച്ചെഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും.