കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ പുതിയ ഭരണനിര്‍വ്വഹണ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ഫെബ്രുവരി 20ന്) ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍. അംബേദ്കറുടെ നാമധേയത്തിലുള്ള മന്ദിരത്തിന്റെ ഉദ്ഘാടനം രാവിലെ 11 മണിക്കാണ് നടക്കുക. പെരിയ ക്യാമ്പസ്സില്‍ പുതിയ മന്ദിരത്തിന് മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പരിപാടിയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ, കോര്‍ട്ട്, എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍, അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി ആയിരത്തിലേറെപ്പേര്‍ ചടങ്ങുകള്‍ക്ക് സാക്ഷിയാകും. മൂന്ന് നിലകളിലായി 68200 സ്‌ക്വയര്‍ ഫീറ്റില്‍ 38.16 കോടി രൂപ ചെലവിലാണ് ഡോ. ബി.ആര്‍. അംബേദ്കര്‍ ഭവന്‍ നിര്‍മ്മിച്ചിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഹെഫ (ഹയര്‍ എജ്യൂക്കേഷന്‍ ഫിനാന്‍സിംഗ് ഏജന്‍സി) സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. നിലവില്‍ ഗംഗോത്രി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഭരണനിര്‍വ്വഹണവുമായി ബന്ധപ്പെട്ട മുഴുവന്‍ വിഭാഗങ്ങളും പുതിയ മന്ദിരത്തിലേക്ക് മാറും