കൃഷിക്കായി ഒരുമിച്ച ‘ഒരുമ കര്‍ഷക’ കൂട്ടായ്മയുടെ നെല്‍കൃഷിയില്‍ വിളഞ്ഞത് നൂറ് മേനി. പനങ്ങാട് വയല്‍ കൊയ്ത്തുത്സവം ഇന്ന് 20 ന് രാവിലെ 10 ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്യും.കോടോം ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരന്‍ അധ്യക്ഷത വഹിക്കും. കോടോം ബേളൂര്‍ പഞ്ചായത്തിലെ പനങ്ങാട് വയലിലാണ് രണ്ടര ഏക്കര്‍ സ്ഥലത്താണ് കൃഷി ഇറക്കിയത്. വര്‍ഷങ്ങളായി തരിശിട്ട ഭൂമിയാണ് കൂട്ടായ്മയിലൂടെ ഇവര്‍ പച്ചപ്പണിയിച്ചത്. വി. രവീന്ദ്രന്‍ പ്രസിഡന്റും കെ.പി ദേവകി സെക്രട്ടറിയുമായ ഒരുമ കര്‍ഷക കൂട്ടായ്മയില്‍ 14 അംഗങ്ങളാണ് ഉള്ളത്. മട്ട തൃവേണി നെല്‍ വിത്താണ് ഇവര്‍ കൃഷിക്കായി ഉപയോഗിച്ചത്. മൂന്ന് വര്‍ഷത്തേക്ക് പാട്ടത്തിന് എടുത്താണ് ഇവര്‍ കൃഷി ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ നില മൊരുക്കി ആദ്യമിറക്കിയ കൃഷിയില്‍ കുറച്ച് ഭാഗം കീടബാധയെ തുടര്‍ന്ന് നശിച്ചു. തുടര്‍ന്ന് വീണ്ടും ഇവര്‍ കൃഷിയിറക്കി. ആദ്യം വിത്തിട്ട അഞ്ചുക്കണ്ടത്തിലെ കൃഷിയുടെ കൊയ്ത്തുത്സവമാണ് ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്യുന്നത്. നെല്‍കൃഷിക്ക് ശേഷം പച്ചക്കറി, പയറു വര്‍ഗ വിളകള്‍, ചെറു ധാന്യങ്ങള്‍, എന്നിവ കൃഷി ചെയ്യാനും ഇവര്‍ക്ക് ആലോചനയുണ്ട്.