പാഠപുസ്തകത്തില്‍ ഇന്ത്യ നിലനിറുത്താന്‍ സ്വന്തം നിലയില്‍ സാധ്യതതേടി കേരളം, പ്രതിപക്ഷത്തെ പേടിയെന്ന് കേന്ദ്രത്തിനെതിരെ യെച്ചൂരി

ന്യൂഡല്‍ഹി: ഭരണഘടനയിലുള്ളതാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യ മാറ്റി ഭാരത് എന്ന് പാഠപുസ്തകങ്ങളില്‍ ആക്കാനുള്ള എന്‍സിഇആര്‍ടി സമിതി ശുപാര്‍ശക്കെതിരെയാണ് വിമര്‍ശനവുമായി യെച്ചൂരി എത്തിയത്.

ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കം മാത്രമാണെന്നും പ്രതിപക്ഷ കൂട്ടായ്മയുടെ പേര് ഇന്ത്യ എന്നാക്കിയതും ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നിലുണ്ടാകാമെന്നും യെച്ചൂരി വ്യക്തമാക്കി.

അതേസമയം, ഇന്ത്യയെന്ന പേരൊഴിവാക്കി ഭാരതമാക്കി മാറ്റുന്ന എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ പഠിപ്പാക്കാതിരിക്കാനുള്ള സാധ്യതകള്‍ കേരളം തേടി. ഇന്ത്യയെന്ന പേര് നിലനിര്‍ത്തി എന്‍സിഇആര്‍ടിയുടെ പാഠപുസ്തകങ്ങള്‍ സ്വന്തം നിലയ്ക്ക് ഇറക്കുന്നതിനെ കുറിച്ചാണ് പരിശോധന. ഇതിനുളള സാധ്യതകള്‍ തേടും. ബിജെപി കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയലക്ഷ്യം വെച്ചുള്ള നീക്കമെന്ന നിലയില്‍ പേര് മാറ്റത്തെ ശക്തമായി എതിര്‍ക്കാനാണ് കേരളത്തിന്റെ തീരുമാനം.

പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ സാമൂഹികപാഠപുസ്തകങ്ങളില്‍ സമൂലമാറ്റം ലക്ഷ്യ വച്ചാണ് സിഐ ഐസക് അധ്യക്ഷനായ ഏഴംഗസമിതിയെ എന്‍സിഇആര്‍ടി നിയോഗിച്ചത്. പാഠഭാഗങ്ങളിലെ മാറ്റം അടക്കം സമിതി നല്‍കിയ മൂന്ന് ശുപാര്‍ശകളില്‍ ഇന്ത്യക്ക് പകരം ഭാരത് എന്ന് ഉപയോഗിക്കുകയെന്നതാണ് പ്രധാനം. ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയെന്ന വാക്ക് ഉപയോഗിച്ചതെന്നും അതിന് മുന്‍പ് തന്നെ ഭാരത് എന്ന പ്രയോഗം നിലവിലുണ്ടെന്നും സമിതി പറയുന്നു.

ഏഴംഗ ഉന്നതതല സമിതി ഏകകണ്ഠമായാണ് ശുപാര്‍ശ നല്‍കിയത്. ചരിത്രപഠനത്തിലും സമിതി മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുരാതന ഇന്ത്യന്‍ ചരിത്രത്തിന് പകരം ക്ലാസിക്കല്‍ ചരിത്രം എന്ന പേര് നല്‍കും. പഴയ രാജാക്കന്മാരുടെ ചരിത്രം കൂടുതലായി ഉള്‍പ്പെടുത്തണം. മാര്‍ത്താണ്ഡവര്‍മ്മയടക്കമുള്ള രാജാക്കന്മാരുടെ യുദ്ധവിജയങ്ങള്‍ പഠനഭാഗമാക്കണം. ഇന്ത്യയുടെ പരാജയങ്ങള്‍ മാത്രമാണ് നിലവില്‍ പഠിപ്പിക്കുന്നതെന്നും പല രാജാക്കന്‍മാരും മുഗളര്‍ക്ക് മേല്‍ നേടിയ വിജയം പകരം പരാമര്‍ശിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

പാനലിന്റെ ശുപാര്‍ശ പ്രതിപക്ഷമാണ് വിവാദമാക്കുന്നത്. എന്നാല്‍, സമിതിയുടെ നിലപാട് കേന്ദ്ര സര്‍ക്കാരിന്റേതല്ലെന്നും വിവാദമുണ്ടാക്കുന്നവര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടിനായി കാത്തിരിക്കണമെന്നും എന്‍സിഇആര്‍ടി അദ്ധ്യക്ഷന്‍ ദിനേശ് സക്ലാനി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *