കാഞ്ഞങ്ങാട്: പൊതു വിദ്യാഭ്യാസരംഗത്തെ സമഗ്ര മാറ്റത്തിനൊപ്പം ചുവടുറപ്പിച്ച് പുതിയ കണ്ടം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സ്‌കൂളിന്റെ മുഖച്ഛായ മാറ്റാനുതകുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. കാഞ്ഞങ്ങാട് എം.എല്‍.എ ഇ ചന്ദ്രശേഖരന്റെ ഇടപെടലിന്റെ ഭാഗമായി കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടത്തിന് ഒരുകോടി 25 ലക്ഷം രൂപ അനുവദിച്ചു. അതോടൊപ്പം തന്നെ അജാനൂര്‍ ഗ്രാമപഞ്ചായത്ത് സംസ്ഥാന ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ നയം ശക്തമായി നടപ്പിലാക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തി മുന്നോട്ടു പോവുകയാണ്. പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസരംഗം സംരക്ഷിക്കുന്നതിന് വേണ്ടി സര്‍ക്കാരിന്റെയും മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഇടപെടലുകള്‍ക്കൊപ്പം നാട്ടുകാരുടെയും പി.ടി. എയുടെയും സഹകരണം വളരെ അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍, വാര്‍ഡ് മെമ്പറും എസ്.എം. സി ചെയര്‍മാനുമായ എം.വി.മധു ജില്ലാ നിര്‍മ്മിതി കേന്ദ്രം ജനറല്‍ മാനേജര്‍ ഇ.പി. രാജ്‌മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ. ദാമോദരന്‍, എട്ടാം വാര്‍ഡ് മെമ്പര്‍ സിന്ധു ബാബു, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ മൂലക്കണ്ടം പ്രഭാകരന്‍, ബാലകൃഷ്ണന്‍ വെള്ളിക്കോത്ത്, പി. പ്രസാദ്, സ്റ്റാഫ് സെക്രട്ടറി യു.വി.പ്രീതി മദര്‍ പി.ടി.എ പ്രസിഡണ്ട് രമിഷ എം. വി എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ വി. കെ. വി രമേശന്‍ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് പി.പ്രമോദ് കുമാര്‍ നന്ദിയും പറഞ്ഞു.