ഡല്‍ഹി: ഖത്തറില്‍ ഒരു വര്‍ഷത്തിലേറെയായി തടവിലായിരുന്ന എട്ട് ഇന്ത്യന്‍ മുന്‍ നാവിക സേനാംഗങ്ങള്‍ക്ക് വധശിക്ഷ വിധിച്ചു. ഇസ്രായേലിന്റെ ചാരന്മാരായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് 2022 ഓഗസ്റ്റ് 30ന് ഇവരെ രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. കോടതി വിധി ഞെട്ടിക്കുന്നതാണെന്നും സാധ്യമായ എല്ലാ നിയമ നടപടികളും തേടുകയാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
‘തടവുകാര്‍ക്ക് വധശിക്ഷ വിധിച്ചത് അഗാധമായ ഞെട്ടലുണ്ടാക്കി. വിശദമായ വിധിക്കായി കാത്തിരിക്കുകയാണ്. ഞങ്ങള്‍ കുടുംബാംഗങ്ങളുമായും നിയമ സംഘവുമായും ബന്ധപ്പെടുന്നുണ്ട്. എല്ലാ നിയമ സാധ്യതകളും തേടുകയാണ്. ഞങ്ങള്‍ ഈ കേസിന് ഉയര്‍ന്ന പ്രാധാന്യം നല്‍കുന്നുണ്ട്. കേസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. എല്ലാ കോണ്‍സുലാര്‍, നിയമ സഹായങ്ങളും ഞങ്ങള്‍ തുടരും,’ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
ഖത്തറിലെ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇസ്രായേലിന്റെ ചാരന്മാരായി പ്രവര്‍ത്തിച്ചുവെന്ന് സംശയിച്ച് എട്ട് മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥരെ ഖത്തര്‍ കസ്റ്റഡിയിലെടുത്തത്. മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥരായ ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ്മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, നാവികന്‍ രാഗേഷ് എന്നിവരാണ് പിടിയിലായത്.