വൈദ്യുതി ഉപഭോക്താക്കളുടെ പരാതി പരിഹാരത്തിന് ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണം : അഡ്വ.എ.ജെ.വില്‍സണ്‍

ഉപഭോക്താക്കളുടെ പരാതി പരിഹാരത്തിന് ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന് കെ.എസ്.ഇ.ബിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അംഗം അഡ്വ.എ.ജെ.വില്‍സണ്‍ പറഞ്ഞു. ആറുമാസത്തിനകം സെല്‍ രൂപീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. നീതി തേടി കോടതിയെ സമീപിക്കുന്നത് സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഒരു പരിധിവരെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ തന്നെ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും, സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡും സംയുക്തമായി നടപ്പിലാക്കിയ വൈദ്യുതി ഉപഭോക്താക്കള്‍ക്കുള്ള ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ പൊതുമേഖലാസ്ഥാപനമാണ് കെ.എസ്.ഇ.ബി. ഒരു കോടി 30 ലക്ഷം ഉപഭോക്താക്കളാണ് കെ.എസ്.ഇ.ബിക്ക് ഉള്ളത്. ഉപഭോക്താക്കളുടെ പരാതിയില്‍ നിയമ-സാങ്കേതിക തടസങ്ങളുന്നയിക്കുന്നതിന് പകരം അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് മനുഷ്യത്വപരമായി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നിടത്താണ് ഒരു സ്ഥാപനത്തിന്റെ ഉന്നമനം എന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവരും സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെ കുറിച്ച് ജനങ്ങളെ കൂടുതല്‍ ബോധവാന്മാരാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായിക, വാണിജ്യ, ഗാര്‍ഹിക, കാര്‍ഷിക മേഖലയിലെ നിരവധി ഉപഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. ഉപഭോക്താക്കളുടെ പ്രതിനിധികള്‍ വിവിധ വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തി പരാതികള്‍ ഉന്നയിക്കപ്പെട്ടു. പരാതികളില്‍ അടിയന്തരമായി മനുഷ്യ ത്വപരമായി പ്രശ്ന പരിഹാരം കാണാന്‍ അഡ്വ.എ.ജെ.വില്‍സണ്‍ നിര്‍ദ്ദേശിച്ചു.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ റഗുലേറ്ററി കമ്മീഷന്‍ കംപ്ലൈന്റ്റ് സെക്ഷന്‍ അംഗം ടി.ആര്‍.ഭുവനേന്ദ്ര പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. റഗുലേറ്ററി കമ്മീഷന്‍ കണ്‍സള്‍ട്ടന്റ് ടി.പി.ചന്ദ്രന്‍ വിഷയാവതരണം നടത്തി. തര്‍ക്ക പരിഹാര സംവിധാനത്തെ കുറിച്ച് സംസ്ഥാന വൈദ്യുതി ഓംബുഡ്‌സ്മാന്‍ എ.സി.കെ.നായര്‍ സംസാരിച്ചു. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സഹിത, കമ്മീഷന്‍ പിആര്‍ കണ്‍സള്‍ട്ടന്റ് ടി.എ.ഷൈന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ്.ഇ.ആര്‍.സി കണ്‍സ്യുമര്‍ അഡ്വക്കസി ബി.ശ്രീകുമാര്‍ സ്വാഗതവും കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആശ നന്ദിയും പറഞ്ഞു. ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ സഹിത, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ആശ, അസി.എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സി.രമേഷ് തുടങ്ങിയവര്‍ മറുപടി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *