പരാതികള്‍ക്കും സംശയങ്ങള്‍ക്കും മറുപടിയും പരിഹാരവുമായിവൈദ്യുതി ഉപഭോക്താക്കളുടെ സംഗമം. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡും സംയുക്തമായി നടത്തിയ ബോധവല്‍ക്കരണ പരിപാടിയിലാണ് ഉപഭോക്താക്കള്‍ പ്രശ്നങ്ങള്‍ അവതരിപ്പിച്ചത്.. ഗാര്‍ഹിക കണക്ഷന്‍ മുതല്‍ സുരക്ഷ വരെ വിശദമായി ചര്‍ച്ച ചെയ്തു. ‘ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഓംബുഡ്സ്മാന്‍ എസ് കെ നായര്‍ കമ്മീഷന്‍ കണ്‍സള്‍ട്ടന്റ് സി പി ചന്ദ്രന്‍ വിഷയാവതരണം നടത്തി. ക്ലാസുകള്‍ക്ക് ശേഷം വോള്‍ട്ടേജ് ക്ഷാമം, വൈദ്യുതി മുടക്കം, ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫിസുകളില്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാത്ത പ്രശ്നങ്ങള്‍, വൈദ്യുതി ലൈന്‍ ഷിഫ്റ്റ്, കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി വിഛേദിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, കാഞ്ഞങ്ങാട്ട് ഭൂഗര്‍ഭ കേബിള്‍ ഉപയോഗ ക്ഷമമാക്കാത്തത്, ഹൈടെന്‍ഷന്‍ കണക്ഷന്‍ ലഭിക്കുന്നതിനുള്ള കാല താമസം എന്നിങ്ങനെ വിവിധങ്ങളായ പരാതികളാണ് ഉപഭോക്താക്കള്‍ ഉന്നയിച്ചത്.
നിലവില്‍ രണ്ട് മാസത്തില്‍ നല്‍കുന്ന കെഎസ്ഇബി വൈദ്യുതി ബില്ലുകള്‍ ഒരു മാസത്തില്‍ നല്‍കുക, കാഞ്ഞങ്ങാട് ടൗണിലെ ഇടയ്ക്കിടെ ഉണ്ടാകുന്ന വൈദ്യുതി തടസം, ഇലക്ട്രിസിറ്റി ഓഫിസുകളില്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കാത്ത പ്രശ്നങ്ങള്‍ കോട്ടച്ചേരി മേല്‍പ്പാലത്തിലെ തെരുവിളക്കുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ഇല്ലാത്ത പ്രശ്നം എന്നിവ എ ഹമീദ് ഹാജി ചുണ്ടിക്കാട്ടി.
ഒരു കോടി ഉപഭോക്താക്കള്‍ പ്രതി മാസ ബില്ലിങിലേക്ക് വന്നാലുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങള്‍ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അംഗം അഡ്വ.എ.ജെ.വില്‍സണ്‍ ഉപഭോക്താക്കളെ ബോധ്യപ്പെടുത്തി. ഇലക്ട്രിസിറ്റി ഓഫിസുകളില്‍ ഫോണ്‍ വിളിച്ചാല്‍ കൃത്യമായും എടുക്കണമെന്നും ഇത് എല്ലായിടങ്ങളിലും കേള്‍ക്കുന്ന പരാതിയാണ്. അത് പരിഹരിക്കണം. കണ്‍സ്യൂമര്‍ വാട്സാപ് ഗ്രൂപ്പുകള്‍ ആരംഭിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ബല്ലാ കടപ്പുറത്തെ ഉപഭോക്താവിന്റെ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷന്‍ അദ്ദേഹത്തിന്റെ പിതാവിന്റെ പേരില്‍ ആണെന്നും മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ കണക്ഷന്‍ തന്റെ പേരിലേക്ക് മാറ്റാന്‍ സാധിക്കുന്നില്ലെന്നുമുള്ള പരാതിയില്‍ എത്രയും പെട്ടെന്ന് നടപടി സ്ഥീകരിക്കണമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അംഗം അഡ്വ.എ.ജെ.വില്‍സണ്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. മടിക്കൈയില്‍ കെഎസ്ഇബിയുടെ സെക്ഷന്‍ ഓഫീസ് തുടങ്ങണമെന്ന ആവശ്യവും ചര്‍ച്ചയില്‍ ഉയര്‍ന്നു. മടിക്കൈ , ചെര്‍ക്കള സെക്ഷന്‍ ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ സെക്ഷനെക്കാള്‍ ആവശ്യം പുതിയ സബ് സ്റ്റേഷനുകള്‍ ആണെന്ന് ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പറഞ്ഞു.. കാഞ്ഞങ്ങാട് നഗരത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ച ഭൂഗര്‍ഭ കേബിള്‍ ചാര്‍ജ് ചെയ്യുന്ന വിഷയത്തില്‍ കെ എസ് ഇ ബിയുടെ കൃത്യമായ ഇടപെടല്‍ വേണമെന്ന്
വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അംഗം അഡ്വ.എ.ജെ.വില്‍സണ്‍ വ്യക്തമാക്കി. മയിലാട്ടിയില്‍ നിന്നും വിദ്യാനഗറിലേക്ക് നിലവിലുള്ളത് 110 കെവി സിംഗിള്‍ലൈന്‍ മാത്രമാണെന്നും ഇത് ഡബിള്‍ ലൈന്‍ ആക്കാനുള്ള ശ്രമത്തിലാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെ ഈ മേഖലയിലെ വൈദ്യുതി പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പനങ്കാവ് പാടശേഖരത്തില്‍ ജലസേചനത്തിനുള്ള വൈദ്യുതി വിഛേദിച്ചത് പാടശേഖരസമിതി പ്രതിനിധികള്‍ ഉന്നയിച്ചു. കാര്‍ഷിക മേഖലയില്‍ നിന്നുള്ള വൈദ്യുതി ബില്‍ കുടിശിക കൂടുതല്‍ കാസര്‍കോട് ജില്ലയില്‍ ആണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ജില്ലയിലെ കര്‍ഷകര്‍ പലതരത്തിലുള്ള പ്രശ്നങ്ങളും അനുഭവിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് അനുകൂലമായ സമീപനം കെ എസ് ഇ ബി സ്വീകരിക്കണമെന്നും വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അംഗം അഡ്വ.എ.ജെ.വില്‍സണ്‍ പറഞ്ഞു. സാങ്കേതിക തടസ്സങ്ങള്‍ കര്‍ഷകരെ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.