തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നു. ചൂട് കടുത്തതോടെ ഇന്ന് 8 ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൊല്ലം, പാലക്കാട്, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കും.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് പുനലൂരാണ്. 37.8 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പുനലൂരിലെ താപനില ഉയര്‍ന്നത്. ചൂട് കൂടുന്നതിനിടെ നേരിയ ആശ്വാസമെന്ന നിലയില്‍ തൃശ്ശൂര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില മേഖലകളില്‍ ഇന്നലെ ഉച്ചയോടെ മഴ ലഭിച്ചിരുന്നു. മധ്യ-തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ചൂട് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. കൂടാതെ, നിര്‍ജലീകരണം തടയാന്‍ ആവശ്യമായ വെള്ളവും കുടിക്കണം.
: