ആളെക്കൊല്ലി കാട്ടാനയായ ബേലൂര്‍ മഗ്നയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള ദൗത്യം ഇന്നും തുടരും. ഇപ്പോഴും കര്‍ണാടകയിലെ വനമേഖലയില്‍ തന്നെയാണ് ആന ഉള്ളത്. കാടുവിട്ട് പുറത്തിറങ്ങാത്തതിനാല്‍ മയക്കുവെടി വയ്ക്കുന്നത് ഏറെ ശ്രമകരമായിട്ടുണ്ട്. നിലവില്‍, റേഡിയോ കോളര്‍ വഴി ആനയുടെ നീക്കങ്ങള്‍ കേരള വനം വകുപ്പ് നിരീക്ഷിച്ച് വരികയാണ്. ആന ജനവാസ മേഖലകളിലേക്ക് ഇറങ്ങാതിരിക്കാന്‍ രാത്രികാല പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
ദൗത്യ സംഘത്തെ സഹായിക്കാനായി ഹൈദരാബാദത്തില്‍ നിന്ന് പ്രമുഖ വന്യജീവി വിദഗ്ധനായ നവാബ് അലിഖാനും വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ നാലംഗ സംഘവും ഇന്നലെ വയനാട്ടില്‍ എത്തിയിരുന്നു. ഇനിയുള്ള ദൗത്യങ്ങളില്‍ നവാബ് അലിഖാന്റെ സേവനം പ്രയോജനപ്പെടുത്തും. പന്ത്രണ്ടാം ദിവസവും ആനയെ പിടികൂടാത്തതിനെ തുടര്‍ന്ന് വന്‍ ജനരോഷമാണ് ഉടലെടുത്തിരിക്കുന്നത്. വന്യജീവി ആക്രമണങ്ങള്‍ തുടര്‍ക്കഥയായതിനാല്‍ കേന്ദ്രമന്ത്രി ഭൂപേന്ദ്രര്‍ യാദവിന്റെ നേതൃത്വത്തില്‍ ഇന്ന് കലക്ടറേറ്റില്‍ വെച്ച് പ്രത്യേക യോഗം ചേരുന്നതാണ്.