കാസര്‍കോട് ടൗണിലെ രണ്ടു കടകളില്‍ വന്‍ തീപിടിത്തം; 15 ലക്ഷം രൂപയുടെ നഷ്ടം

കാസര്‍കോട്: ഇന്ന് രാവിലെ കാസര്‍കോട് ടൗണിലെ രണ്ടു കടകളില്‍ വന്‍ തീപിടിത്തം. അഗ്‌നിശമനാ സേനയുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് മറ്റ് കടകളിലേക്ക് തീ പടരുന്നത് തടഞ്ഞതോടെ വന്‍ ദുരന്തം ഒഴിവായി. വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് എം.ജി റോഡിലെ രണ്ട് കടകള്‍ക്ക് തീപിടിച്ചത്. ഉളിയത്തടുക്ക നാഷ്ണല്‍ നഗര്‍ സ്വദേശി അഷറഫിന്റെ വീട്ടുസാധനങ്ങള്‍ വില്‍ക്കുന്ന കടയ്ക്കും തളങ്കര സ്വദേശി മനാസിന്റെ മൊബൈല്‍ ഷോപ്പിലുമാണ് തീപിടിത്തമുണ്ടായത്. തീപടരുന്നത് കണ്ട മൊബൈല്‍ ഷോപ്പുടമ ഉടന്‍ അകത്തുകയറി മൊബൈലുകളും മറ്റും മാറ്റിയതിനാല്‍ വലിയ നാശനഷ്ടമുണ്ടായില്ല. അതേസമയം ചവിട്ടുപായ വില്‍ക്കുന്ന കടയിലെ മുഴുവന്‍ സാധനങ്ങളും കത്തി നശിച്ചു.

മൊബൈല്‍ കടയിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ മനാഫ് പറഞ്ഞു. അഷ്റഫിന്റെ മാറ്റ് സെന്റര്‍ പൂര്‍ണമായും കത്തി ചാമ്പലായി. 12 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി അഷ്റഫും പറഞ്ഞു.

വിവരത്തെ തുടര്‍ന്ന് കാസര്‍കോട് നിന്നെത്തിയ ഫയര്‍ഫോഴ്സിന്റെ രണ്ടു യൂണീറ്റ് തീയണച്ചു. സമീപത്തായി നിരവധി കടകളുണ്ടായിരുന്നു. അരമണിക്കൂറിനകം തന്നെ തീകെടുത്താന്‍ സാധിച്ചതോടെ മറ്റു കടകളിലേക്ക് പടരുന്നത് തടയാന്‍ കഴിഞ്ഞു. ഫയര്‍ ഫോഴ്സ് ജീവനക്കാരുടെ സമയോചിത സേവനത്തെ വ്യാപാരികളും നാട്ടുകാരും അഭിനന്ദിച്ചു. രാവിലെ കടകള്‍ തുറക്കുന്നതിന് മുമ്പാണ് തീപ്പിടിത്തമുണ്ടായത്. ഷോട്ട്സര്‍ക്ക്യൂട്ടാണ് കാരണമായതെന്ന് സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *