വോട്ടര്‍പട്ടിക ശുദ്ധീകരണ യജ്ഞം; പോളിങ് സ്റ്റേഷനുകളില്‍ മാര്‍ച്ച് മൂന്നിന് ഗ്രാമസഭ ചേരും

വോട്ടര്‍പട്ടിക ശുദ്ധീകരണ യജ്ഞത്തിന്റെ ഭാഗമായി മാര്‍ച്ച് മൂന്നിന് പോളിങ് സ്റ്റേഷനുകളില്‍ ഗ്രാമസഭ ചേരുമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു. കളക്ടറുടെ ചേമ്പറില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമസഭകള്‍ സംഘടിപ്പിക്കുന്നതിന്റെ ചുമതല എ.ആര്‍.ഒമാര്‍ക്കാണ്. വോട്ടര്‍പട്ടിക ശുദ്ധീകരണ യജ്ഞത്തിന്റ അവസാന പ്രവര്‍ത്തനമായിരിക്കും ഗ്രാമസഭ ചേര്‍ന്ന് നടക്കുക എന്ന് കളക്ടര്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് പോളിങ് സ്റ്റേഷനിലെത്തി വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ പങ്കാളികളാകാം. മാര്‍ച്ച് മൂന്നിന് രാവിലെ 11ന് എല്ലാ പോളിങ് സ്റ്റേഷനുകളിലും ഗ്രാമസഭ ചേര്‍ന്ന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വോട്ടര്‍പട്ടിക ഉറക്കെ വായിക്കും. കൂട്ടിച്ചേര്‍ക്കാനും ഒഴിവാക്കാനുമുള്ളവ ശ്രദ്ധയില്‍പെടുമ്പോള്‍ അവിടെ നിന്ന് തന്നെ ഫോം 7, ഫോം 8 എന്നിവ പൂരിപ്പിച്ച് ബി.എല്‍.ഒ മാരെ ഏല്‍പ്പിക്കാവുന്നതാണ്. എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍, സബ് കളക്ടര്‍, ആര്‍.ഡി.ഒ, എ.ആര്‍.ഒമാര്‍, ഇ.ആര്‍.ഒമാര്‍, സ്വീപ്പ് നോഡല്‍ ഓഫീസര്‍ മാര്‍ എന്നിവര്‍ ഗ്രാമസഭയ്ക്ക് നേതൃത്വം നല്‍കും.

തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ച് നടത്തണമെന്നും ഫ്‌ളക്‌സുകളും മറ്റ് പ്രചരണ സാമഗ്രികളും പരമാവധി തുണി നിര്‍മ്മിച്ചവ ഉപയോഗിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. യാഗത്തില്‍ എ.ആര്‍.ഒമാരായ സൂഫിയാന്‍ അഹമ്മദ്, ജെഗ്ഗി പോള്‍, പി.ബിനുമോന്‍, നിര്‍മ്മല്‍ റിത്ത ഗോമസ്, പി.ഷാജു, ഇ.ആര്‍.ഒമാരായ മായ, പി.ഷിബു, പി.എം.അബൂബക്കര്‍ സിദ്ദിഖ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം.കുഞ്ഞമ്പു നമ്പ്യാര്‍, ടി.എം.എ.കരീം, അബ്ദുല്‍ ഗഫൂര്‍, അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, മുഹമ്മദ് അലി ഫത്താഹ്, കെ.വി.സെബാസ്റ്റ്യന്‍, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു, അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കൈനിക്കര, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി.അഖില്‍, ശുചിത്വ മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ എ.ലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *