കൊച്ചി: കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി ഉറപ്പുവരുത്താനും ഇടനിലക്കാരുടെ ചൂഷണങ്ങളില്‍ നിന്നും കര്‍ഷകരെ സ്വതന്ത്രമാക്കാനും ലക്ഷ്യമിട്ട്, നബാര്‍ഡിന്റെ സാമ്പത്തിക സഹകരണത്തോടെ കര്‍ഷക ഉത്പാദക സംഘങ്ങള്‍ (എഫ്പിഒ) സംഘടിപ്പിക്കുന്ന ‘തരംഗ്’ മേളയ്ക്ക് തുടക്കമായി. ഫെബ്രുവരി 23 മുതല്‍ 25 വരെ കൊച്ചി റെനെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ഡോ. ജി. ഗോപകുമാരന്‍ നായര്‍ നിര്‍വഹിച്ചു. ജൈവ, പരമ്പരാഗത കാര്‍ഷിക വിളകള്‍ കര്‍ഷകരില്‍നിന്നും നേരിട്ട് വാങ്ങുന്നതിനുള്ള അവസരമാണ് മേള ഒരുക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധയിനം കാര്‍ഷിക ഉത്പന്നങ്ങളുടെയും കൃഷി അനുബന്ധ സാമഗ്രികളുടെയും 40ഓളം സ്റ്റാളുകളാണ് മേളയിലുള്ളത്. കര്‍ഷകന് പരമാവധി വില ഉറപ്പിച്ചുകൊണ്ട്, ഉപഭോക്താവിന് ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ എത്തിക്കുക എന്നതാണ് മേളയുടെ ലക്ഷ്യം.
കര്‍ഷകര്‍ക്ക് വായ്പാ സഹായങ്ങള്‍ നല്‍കുക, ഗവണ്മെന്റ് ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കുക, ഇടനിലക്കാരെ ഒഴിവാക്കി ഉത്പന്നങ്ങള്‍ക്ക് വില സ്ഥിരത ഉറപ്പുവരുത്തുക എന്നിവയാണ് കര്‍ഷക ഉത്പാദക സംഘങ്ങള്‍ വഴി വിഭാവനം ചെയ്യുന്നത്. കാര്‍ഷിക ഉത്പനങ്ങള്‍ നേരിട്ട് സംഭരിച്ച് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ സേവനം (ONDC Portal) കര്‍ഷക ഉത്പാദക സംഘങ്ങളുമായി ചേര്‍ന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ഈ ഓണ്‍ലൈന്‍ സേവനങ്ങളുടെ വിവരങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കാനും ‘തരംഗ്’ മേള ലക്ഷ്യമിടുന്നു. മേളയില്‍ നാടന്‍ പച്ചക്കറികള്‍, ഓര്‍ഗാനിക് ടൂത്ത് പൗഡര്‍, റെഡി ടടു ഈറ്റ് വിഭവങ്ങള്‍, വിവിധയിനം മസാലകള്‍, കറിപ്പൊടികള്‍ പ്രകൃതിദത്ത സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍, എന്നിവയുടെ സ്റ്റാളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. പ്രവേശനം സൗജന്യം.