റൂസാ രണ്ട് പദ്ധതി : സര്‍ക്കാര്‍ അനാസ്ഥ പരിഹരിക്കണം കെ പി സി ടി എ

രാജപുരം: റൂസാ രണ്ട് പദ്ധതിയില്‍ സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകള്‍ക്ക് കേന്ദ്ര വിഹിതം തുക പൂര്‍ണ്ണമായും സമയബന്ധിതമായി കേന്ദ്രസര്‍ക്കാര്‍ നല്‍കുമ്പോഴും കേരള സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് കെ പി സി ടി എ കണ്ണൂര്‍ മേഖലാ കമ്മിറ്റി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ വിഹിതം പൂര്‍ണമായും ഉടന്‍ വകയിരുത്തണമെന്നും, 30 ലക്ഷത്തോളം രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി ഇനിയും ലഭിക്കാത്ത സാഹചര്യം ഉടന്‍ പരിഹരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു . റൂസ 3 പദ്ധതിയിലൂടെ അഞ്ചു കോടി വീതം കേന്ദ്രവിഹിതം ലഭ്യമാക്കുവാന്‍ ഉള്ള അവസരം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം നഷ്ടമായത് പ്രതിഷേധകരമാണ് .

സര്‍ക്കാരിന്റെ അനാസ്ഥകൊണ്ട് കോളേജ് അധ്യാപകര്‍ക്ക് ശമ്പള കുട്ടിശ്ശികയിനത്തില്‍ 1500 കോടി രൂപ നഷ്ടപ്പെടുത്തിയ സര്‍ക്കാര്‍ ഭരണ പരാജയത്തിന്റെ തുടര്‍ച്ചയാവുകയാണ്. റൂസാ രണ്ട് പദ്ധതിയിലെ വിഹിതം പൂര്‍ണ്ണമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കാത്തതിനാല്‍ ഫണ്ട് വിനിയോഗിക്കാത്ത കോളേജുകളുടെ ലിസ്റ്റില്‍ എല്ലാ കോളേജുകളും ഉള്‍പ്പെടുന്നത് ഭാവിയില്‍ ഫണ്ടുകള്‍ ഒന്നും ലഭിക്കില്ല എന്നുള്ള സാഹചര്യം സൃഷ്ടിക്കപ്പെടും. കേന്ദ്ര വിഹിതം ലഭിച്ചിട്ടും തുക കൃത്യസമയത്ത് കോളേജുകള്‍ക്ക് നല്‍കാതിരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണ്. പദ്ധതിയുടെ പിന്നോക്ക ജില്ലകള്‍ക്കുള്ള പരിഗണന ഗ്രേഡ് ആയ ഫോക്കസ് ജില്ലകളില്‍ നിന്നും കാസര്‍ഗോഡിനെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണ് . സംസ്ഥാന സര്‍ക്കാരിന്റെ റൂസാ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയിട്ടുള്ള അലംഭാവം , കൃത്യവിലോപം എന്നിവ ഗൗരവതരമാണ്.മേഖലാ പ്രസിഡണ്ട് ഡോ. ഷിനോ പി ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.പ്രേമചന്ദ്രന്‍ കീഴോത്ത്, മേഖലാ സെക്രട്ടറി ഡോ.പി പ്രജിത, ലൈസന്‍ ഓഫീസര്‍ ഡോ.വി പ്രകാശ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *