ഡോ.വന്ദന ദാസിന്റെ ഓര്‍മ്മയ്ക്കായി പൂന്തോട്ടമൊരുക്കി എസ് പി സി കേഡറ്റുകള്‍. കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്.പി.സി. കാഡെറ്റുകളാണ് ഡോ.വന്ദനാദാസിന്റെ ഓര്‍മ്മയ്ക്കായി ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മനോഹരമായ പൂന്തോട്ടമൊരുക്കിയത്.
പൂന്തോട്ടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 26ന് തിങ്കളാഴ്ച രാവിലെ 10 ന് കാസര്‍കോട് ജില്ല പോലീസ് മേധാവി പി. ബിജോയ് നിര്‍വഹിക്കും. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി വിശിഷ്ടാതിഥിയാകും. മെഡിക്കല്‍ ഓഫീസര്‍ ഡോ. രഞ്ജിത്ത്, ജനപ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, ആശുപത്രി ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ഭാഗമായാണ് 2021-2023 ബാച്ചിന്റെ നേതൃത്വത്തില്‍ പൂന്തോട്ടവും പാര്‍ക്കും നിര്‍മ്മിച്ചത്.
എസ്പിസി സംസ്ഥാന തലത്തില്‍ രൂപപ്പെടുത്തിയ ചാലഞ്ച് ദി ചാലഞ്ചസ് എന്ന ക്യാമ്പെയിനിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് സ്നേഹോദ്യാനം നിര്‍മ്മിച്ചത്. വിദ്യാലയത്തിലെ എസ് പി.സി സൂപ്പര്‍ സീനിയര്‍ കാഡെറ്റ് വര്‍ഷയുടെ രക്ഷിതാവ് പി.രമേശന്‍ ഓലാട്ട് പൂന്തോപ്പ് നിര്‍മ്മാണത്തിനാവശ്യമായ സഹായമൊരുക്കി. ഓലാട്ട് ഫാമിലി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസറുടെ അനുവാദത്തോടെ പൂന്തോട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കി. പൂന്തോട്ട നിര്‍മ്മാണത്തിന് രമേശനോടൊപ്പം കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ഗോപീകൃഷ്ണന്‍, സുജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി