പാലക്കുന്ന് : രണ്ട് പതിറ്റാണ്ടോളമായുള്ള കാത്തിരിപ്പിന് ആശ്വാസമായി കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിന് തിങ്കളാഴ്ച്ച തറക്കല്ലിടും. അതിന്റെ ഔപചാരികമായ ഉദ്ഘാടനം 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തില്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കും. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ രാവിലെ 10.30 മുതല്‍ നടക്കുന്ന പരിപാടിയില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി, വാര്‍ഡ് അംഗം സൈനബ അബൂബക്കര്‍ എന്നിവര്‍ വിശിഷ്ട വ്യക്തികളായി പങ്കെടുക്കും.
കുട്ടികളുടെ കലാപരിപാടികളും തിരുവാതിരക്കളിയും അരങ്ങേറും. കൃത്യം 12.20 മുതല്‍ പ്രധാനമന്ത്രി നടത്തുന്ന തറക്കല്ലിടലിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി കാണാനുള്ള സൗകര്യം സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. റെയില്‍വേ സ്റ്റേഷനില്‍ അതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. തറക്കലിടലിന്റെ ഭാഗമായി ഉദുമ പഞ്ചായത്ത് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ചെയര്‍മാന്‍ പി. ലക്ഷ്മി അധ്യക്ഷയായി. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റയില്‍വേ സ്റ്റേഷന്‍ പരിസരം ഹരിത സേനാംഗങ്ങള്‍ വൃത്തിയാക്കി.