കാഞ്ഞങ്ങാട്: ആത്മകഥയ്ക്ക് നോബല്‍ സമ്മാനമുണ്ടെങ്കില്‍ ആദ്യം സമ്മാനിതമാകേണ്ട കൃതിയാണ് മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ആത്മകഥയായ കവിയുടെ കാല്‍പാടുകളെന്ന് കവി നാലപ്പാടം പത്മനാഭന്‍.
മഹാകവിയുടെ സഹധര്‍മിണിയായിരുന്ന വിദ്വാന്‍ വി.കുഞ്ഞിലക്ഷ്മി അമ്മയുടെ പേരില്‍ വെള്ളിക്കോത്ത് തുടങ്ങിയ വിദ്വാന്‍ വി.കുഞ്ഞി ലക്ഷ്മി അമ്മ വായനശാല ഗ്രന്ഥാലയം കവിയുടെ കാല്‍പ്പാടുകള്‍ പ്രസിദ്ധീകരിച്ചതിന്റെ സുവര്‍ണജൂബിലി വര്‍ഷത്തില്‍ നടത്തുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനവും ആദ്യ പ്രഭാഷണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആത്മപ്രശംസകള്‍ നിറഞ്ഞ ആത്മകഥാ സാഹിത്യത്തില്‍ ആത്മനിന്ദയുടെ ഉമിത്തീയില്‍ സ്വയം നീറി വേവുന്ന ഈ കൃതിയോട് കിടപിടിക്കുന്ന മറ്റൊരു രചന ഉണ്ടായിട്ടില്ല. പുതിയ കാലത്ത് ഇനി ഉണ്ടാവുകയുമില്ല. അനുഭവങ്ങളുടെ ചെളിക്കുണ്ടിലേക്ക് സ്വയം താഴ്ന്ന കവി അനുവാചകന് നല്‍കിയ രചനകളത്രയും സര്‍ഗാത്മകതയുടെ പൊന്‍ താമരകളായിരുന്നു. വായനയും പുനര്‍വായനയിലും ലയിച്ച് സ്വയം ഉന്മാദിയാവാനുള്ള കൃതിയാണ് കാല്‍പാടുകള്‍. കാലവും സമൂഹവും പരിസ്ഥിതിയുമെല്ലാം ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ ദീര്‍ഘദര്‍ശിത്വത്തോടെ അവതരിപ്പിച്ച കവിയാണ് മഹാകവി പി എന്നും കൂട്ടിച്ചേര്‍ത്തു. ഗ്രന്ഥാലയം പ്രസിഡന്റ് വി.രവീന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മഹാകവിയെക്കുറിച്ചെഴുതിയത് ഉള്‍പ്പെടെ പത്മശ്രീ ബുക്‌സ് പ്രസിദ്ധീകരിച്ച 10 വിശിഷ്ട ഗ്രന്ഥങ്ങള്‍ നാലപ്പാടം പത്മനാഭന്‍ ലൈബ്രറിക്ക് സംഭാവന ചെയ്തു. വി.രവീന്ദ്രന്‍ നായര്‍ ഏറ്റുവാങ്ങി. കവി കല്ലറ അജയന്‍ നാലപ്പാടം പത്മനാഭനെ പൊന്നാടയണിയിച്ചു. കല്ലറ അജയന്‍ ഇത് നിളയല്ല എന്ന കവിതയും ചൊല്ലി.പി.മുരളീധരന്‍, സി.എം.ഗോപിനാഥന്‍, കെ. അനില്‍കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഗ്രന്ഥാലയം സെക്രട്ടറി ശ്യാംബാബു വെള്ളിക്കോത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് എം.പി. തമ്പാന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു. കവിയുടെ കാല്‍പ്പാടുകള്‍ എന്റെ വായനയില്‍ എന്ന പ്രഭാഷണ പരമ്പരയില്‍ തുടര്‍ന്നും പ്രഭാഷണങ്ങള്‍ ഉണ്ടാകും. പങ്കെടുക്കാനും ഗ്രന്ഥാലയത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയാനും താല്‍പര്യമുള്ളവര്‍ 9446 957010, 8281422443 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.