കാഞ്ഞങ്ങാട് : കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പതിനാലാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് സ്‌നേഹസംഗമം സംഘടിപ്പിച്ചു. പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ വച്ച് നടന്ന പരിപാടി സി ഓ എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി വി മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. സിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ കുടുംബ സംഗമത്തിന്റ പ്രാധാന്യം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും സിഡ്‌കോ പ്രസിഡന്റുമായ കെ വിജയകൃഷ്ണന്‍ മുഖ്യാതിഥിയായി. ജില്ലയില്‍ 50% ഇന്റര്‍നെറ്റ് കണക്ടിവിറ്റി പൂര്‍ത്തീകരിച്ചവരില്‍ നറുക്കെടുപ്പിലൂടെ വിദേശയാത്രയ്ക്ക് അര്‍ഹരായവര്‍ക്ക് സംസ്ഥാന കമ്മിറ്റി അംഗവും കേരളവിഷന്‍ മാനേജിങ് ഡയറക്ടര്‍ മായ പി പി സുരേഷ് കുമാര്‍ വിമാന ടിക്കറ്റുകള്‍ കൈമാറി തുടര്‍ന്ന് കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ് രാജ്യത്ത് എട്ടാം സ്ഥാനത്ത് എത്തിയതിന്റെ ജി ആര്‍ 8 പ്രൊമോ വീഡിയോ പ്രദര്‍ശനവും കേരളവിഷന്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയ ഡബിള്‍ ബോനാന്‍സ ഒ ടി ടി പ്ലേ പ്രദര്‍ശനവും നടന്നു. സംഘാടകസമിതി ചെയര്‍മാന്‍ എം ലോഹിതാക്ഷന്‍ ജില്ലാ സെക്രട്ടറി ഹരീഷ് പി നായര്‍ ട്രഷറര്‍ പി വിനോദ് കെ സി സി എല്‍ ഡയറക്ടര്‍ അബ്ദുള്ള കുഞ്ഞി എന്നിവര്‍ സംസാരിച്ചു. സി സി എന്‍ വൈസ് ചെയര്‍മാനും കെ സി ബി എല്‍ ഡയറക്ടറുമായ ഷുക്കൂര്‍ കോളിക്കര സ്വാഗതവും സി സി എന്‍ മാനേജിംഗ് ഡയറക്ടര്‍ ടിവി മോഹനന്‍ നന്ദിയും പറഞ്ഞു. പ്രശസ്ത മജീഷ്യനും മെന്റലിസ്റ്റും ആയ യദുനാഥ് പള്ള്യത്തിന്റെ മെന്റലിസം പരിപാടിയും കൈരളി യുവ ഫെയിം ഉമേഷ് നീലേശ്വരം നയിച്ച നാദം ഓര്‍ക്കസ്ട്രയുടെ ഗാനമേളയും അരങ്ങേറി. കളിയും ചിരിയും മത്സര പരിപാടിയും നടത്തി. ബിനു സി വി നേതൃത്വം നല്‍കി. മാര്‍ച്ച് 2 3 4 തീയതികളില്‍ ആയി കോഴിക്കോട് വെച്ച് സംസ്ഥാന സമ്മേളനം നടക്കും.