തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നാടിന് സമര്‍പ്പിച്ചു
നീലേശ്വരത്തിന്റെ വികസന ചരിത്രത്തില്‍ പുതു അധ്യായം കുറിച്ച് നഗരസഭയുടെ പുതിയ ആസ്ഥാന മന്ദിരം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നാടിന് സമര്‍പ്പിച്ചു.
നീലേശ്വരം പുഴയോരത്ത് കച്ചേരിക്കടവ് റോഡില്‍ നഗരസഭ വിലയ്ക്ക് വാങ്ങിയ 75 സെന്റ് ഭൂമിയില്‍ 30,000 ചതുര അടി വിസ്തൃതിയിലാണ് 11.3 കോടി രൂപ ചെലവില്‍ മൂന്നുനില മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. രണ്ടു നിലകളിലായാണ് വിവിധ സെക്ഷനുകളുടെ പ്രവര്‍ത്തനവും ഫ്രണ്ട് ഓഫീസ് സംവിധാനവും. പൊതുജനങ്ങള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഓഫീസില്‍ സജ്ജീകരിച്ചിട്ടുണ്ട്. കൗണ്‍സില്‍ ഹാളിന് പുറമെ മറ്റ് യോഗങ്ങള്‍ ചേരുന്നതിനായി 250 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും, സ്ത്രീകള്‍ക്കുള്ള പ്രത്യേക വിശ്രമ മുറിയും, ഫീഡിങ് സെന്ററും ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്. കൃഷിഭവന്‍, കുടുംബശ്രീ ഓഫീസുകള്‍ കൂടി ഇവിടെ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ പൊതുജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാകും. സേവന കാര്യക്ഷമത ഗണ്യമായി വര്‍ദ്ധിക്കും. നഗരത്തിന്റെ ഭാവി വികസനം കൂടി കണക്കിലെടുത്താണ് കെട്ടിടത്തിന്റെ മൂന്നാം നില നിര്‍മ്മിച്ചിട്ടുള്ളത്. രാജാ റോഡില്‍ ട്രഷറി ജംഗ്ഷനില്‍ നിന്ന് പുതിയ ഓഫീസ് സമുച്ചയം വരെ ഇന്റര്‍ലോക്ക് പാകിയ റോഡും നിര്‍മ്മിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലുതും ആധുനികവുമായ നഗരസഭ കെട്ടിടം എല്ലാ അര്‍ത്ഥത്തിലും നാടിന്റെ അഭിമാനമുദ്രയാവുകയാണ്.