ടെക്‌നോപാര്‍ക്ക് കമ്പനികളുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ച് ലൈബീരിയന്‍ പ്രതിനിധി സംഘം

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ ഐടി പാര്‍ക്കായ ടെക്‌നോപാര്‍ക്കിലെ കമ്പനികളുമായുള്ള സഹകരണത്തിന് സന്നദ്ധത അറിയിച്ച് ലൈബീരിയന്‍ പ്രതിനിധി സംഘം. ടെക്‌നോപാര്‍ക്ക് സന്ദര്‍ശിച്ച പ്രതിനിധി സംഘം ടെക്‌നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായരുമായി (റിട്ട) ആശയവിനിമയം നടത്തി.

കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) ടെക്‌നോപാര്‍ക്കിനെക്കുറിച്ചും കേരളത്തിന്റെ ഐടി ഇക്കോസിസ്റ്റത്തെക്കുറിച്ചുമുള്ള അവതരണം നടത്തി. ഏതൊരു ബിസിനസിനും വളരാന്‍ ആവശ്യമായ മികച്ച,സുരക്ഷിത, ഡിജിറ്റല്‍ ഘടകങ്ങള്‍ അടങ്ങിയ ആവാസവ്യവസ്ഥ ഇന്ത്യയില്‍ തന്നെ പുരോഗതിയില്‍ മുന്നില്‍ നില്ക്കുന്ന കേരളത്തിലുണ്ടെന്ന് ടെക്‌നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) പറഞ്ഞു.

ടെക്‌നോപാര്‍ക്കിലെ മികച്ച സൗകര്യങ്ങളെ സംഘം അഭിനന്ദിച്ചു. മികച്ച പ്രൊഫഷണലുകളും സാങ്കേതികവിദ്യയും അതിനു വളരാന്‍ അനുയോജ്യമായ അന്തരീക്ഷവും ടെക്‌നോപാര്‍ക്കിലുണ്ടെന്നത് വളരെ നല്ല അനുഭവമാണെന്ന് ലൈബീരിയയിലെ സാമ്പത്തികവിഭാഗം മുന്‍ ഡെപ്യൂട്ടി മന്ത്രി അഗസ്റ്റസ് ജെ ഫ്‌ലോമോ പറഞ്ഞു.

ടെക്‌നോപാര്‍ക്കിലെ ഹരിതാഭമായ അന്തരീക്ഷവും സാങ്കേതിക മേഖലയിലെ വലിയ വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്ന പ്രൊഫഷണലുകളുടെ കണ്ടെത്തലുകളും ലോകത്തിന് മാതൃകയാണ്. ആഫ്രിക്കയില്‍ പ്രത്യേകിച്ച് ലൈബീരിയയില്‍ ഇത്തരം മാതൃകകള്‍ ആവശ്യമാണ്. ആഫ്രിക്കയ്ക്ക് ഐടി മേഖലയില്‍ വളരാന്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലകളുമായുള്ള പങ്കാളിത്തം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ടെക്‌നോപാര്‍ക്കിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പൂര്‍വികരുടെ ശരിയായ നടപടികളും തീരുമാനങ്ങളും ജനങ്ങളുടെ പിന്തുണയുമാണ് ഈ ടെക്‌നോളജി ഹബ്ബിന്റെ വളര്‍ച്ചയ്ക്ക പിന്നില്‍. വികസ്വര രാജ്യങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ പോസിറ്റീവും ശക്തവുമായ ചിന്താഗതിയുടെ പിന്തുണ ആവശ്യമാണെന്നും ടെക്‌നോപാര്‍ക്ക് ഇതിന് ഉദാഹരണമാണെന്നും ഗൂസ്മാന്‍ ഐ എന്‍ സി യുടെ സിഇഒ യുമായ അഗസ്റ്റസ് ജെ ഫ്‌ലോമോ പറഞ്ഞു.

ടെക്‌നോപാര്‍ക്കിലെ സ്ത്രീകളുടെ പങ്കാളിത്തവും പുരുഷന്മാരുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതും വലിയ നേട്ടത്തിലേക്ക് നയിക്കുമെന്ന് ലൈബീരിയന്‍ ബോര്‍ഡ് ഫോര്‍ നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി എക്‌സിക്യൂട്ടീവ് രജിസ്ട്രാര്‍ സെസീലിയ സികെ ഫ്‌ലോമോ പറഞ്ഞു.

ജനങ്ങളില്‍ ശരിയായ ചിന്താഗതി രൂപപ്പെടുത്തുന്നതിന് കേരളത്തിന്റെ സാക്ഷരതാ നിരക്ക് സഹായകമായെന്ന് ലൈബീരിയന്‍ ബോര്‍ഡ് ഫോര്‍ നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി ഫിനാന്‍സ് ഹെഡ് തിയോഫിലസ് വാ പറഞ്ഞു, സര്‍ക്കാര്‍ തലത്തിലുള്ള പിന്തുണയിലൂടെയാണ് ടെക്‌നോപാര്‍ക്ക് വികസിച്ചത്. ലൈബീരിയയ്ക്ക് ടെക്‌നോപാര്‍ക്കുമായി പങ്കാളിത്തം സ്ഥാപിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമാഫ്രിക്കന്‍ വിപണിയിലെ വളര്‍ന്നുവരുന്ന അവസരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഫെബ്രുവരി 27ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ‘സ്‌കെയില്‍ ടു വെസ്റ്റ് ആഫ്രിക്ക’യില്‍ പങ്കെടുക്കാനാണ് പശ്ചിമാഫ്രിക്കന്‍ പ്രതിനിധി സംഘം എത്തിയത്.

ടെക്‌നോപാര്‍ക്കിലെ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എജിഎം വസന്ത് വരദ, നിയോനിക്‌സ് സൊല്യൂഷന്‍സിന്റെ സഹസ്ഥാപകരായ അരുണ്‍ ആര്‍ എസ് ചന്ദ്രന്‍, ഗുരുമത് എന്നിവരും ടെക്‌നോ പാര്‍ക്കിലെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *