പാലക്കുന്ന് : ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയതിന് പിന്നാലെ നിഹാലിനെ തേടി ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡും. പ്രമുഖ വ്യക്തികള്‍, വാഹനങ്ങള്‍, മൃഗങ്ങള്‍, പ്രകൃതിയില്‍ കാണുന്ന മറ്റെന്തും രണ്ടര വയസ്സില്‍ അനായാസം തിരിച്ചരിഞ്ഞ മികവിലായിരുന്നു 2023 ഡിസംബര്‍ 21ല്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ നിഹാല്‍ ഇടം നേടിയത്. 18 ദിവസം പിന്നിട്ട് ജനുവരി 8നാണ് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ പലരെയും അത്ഭുതപ്പെടുത്തി ആ കൊച്ചുകുട്ടിയുടെ രണ്ടാമത്തെ നേട്ടം. മനുഷ്യ ശരീരത്തിലെ അവയവ ഭാഗങ്ങളില്‍ ഒരു മിനുട്ടിനകം 34 എണ്ണം, ഈ ചെറുപ്രായത്തില്‍ തിരിച്ചറിഞ്ഞ അപൂര്‍വതയിലാണ് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടാന്‍ അര്‍ഹനായതെന്ന വിവരം വീട്ടുകാരെ അറിയിച്ചു. അവാര്‍ഡുകള്‍ നേടിയതിന്റെ ഗൗരവം പോലും മനസിലാക്കാന്‍ കഴിയാത്ത പ്രായത്തിലെ അപൂര്‍വത നിഹാലിന്റെ ഈ നേട്ടത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു.
കരിപ്പോടി ധന്യാലയത്തില്‍ പ്രവാസി ഹരിദാസിന്റെയും നിരോഷയുടെയും മകനാണ്. ഒരു വയസ്സ് പിന്നിട്ടപ്പോള്‍ തന്നെ പലതും മനഃപാഠമാക്കാനുള്ള മകന്റെ അസാധാരണ കഴിവ് രക്ഷിതാക്കള്‍ മനസിലാക്കിയിരുന്നു. അതനുസരിച്ച് മകനെ കൂടുതല്‍ ശ്രദ്ധിക്കാനും പ്രോത്സാഹിപ്പിക്കാനും സാധിച്ചുവെന്ന് അവര്‍ പറയുന്നു.
അനുമോദിച്ചു
രണ്ടര വയസ്സിലെ അപൂര്‍വ നേട്ടത്തില്‍, കാസര്‍കോട് പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച നടന്ന ചടങ്ങില്‍ നിഹാലിനെ ക്ഷേത്ര കമ്മിറ്റി അനുമോദിച്ചു.