രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പതിനാലാം വാര്‍ഡിനോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ബിജെപി 14-ാംവാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാര്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ഫണ്ട് വിഭജനത്തില്‍ കാണിക്കുന്ന രാഷ്ട്രീയ വിഭേജനം അവസാനിപ്പിക്കുക, മുമ്പ് 3 ഘട്ടങ്ങളിലായി ടാര്‍ ചെയ്ത മാവുങ്കാല്‍ ചീറ്റക്കാല്‍ റോഡ്,സോളിങ് ചെയ്ത മാവുങ്കാല്‍ വാഴവളപ്പ് റോഡ് എന്നിവ ഇപ്പോള്‍ ആസ്തി രജിസ്റ്ററില്‍ ഇല്ല എന്ന് പറഞ്ഞു ടെന്‍ഡര്‍ നടപടികളില്‍ നിന്നും ഒഴിവാക്കുന്ന പ്രവണത അവസാനിപ്പിക്കുക. പൊട്ടിപൊളിഞ്ഞ പേരെടുക്കം മഞ്ഞങ്ങാനം റോഡ് ടാര്‍ ചെയ്യുക, പട്ടികവര്‍ഗ്ഗത്തില്‍ പെട്ട വിധവകളായിട്ടുള്ള 2 പേര്‍ക്ക് എഗ്രിമെന്റ് വച്ചിട്ട് 2 വര്‍ഷമായിട്ടും അഡ്വാന്‍സ് തുക പോലും അനുവദിക്കാത്തതിന് കാരണം വിശദീകരിക്കുക,ലൈഫ് പദ്ധതി പ്രകാരം വീട് പണി പൂര്‍ത്തിയാക്കിയിട്ട് 3 വര്‍ഷമായിട്ടും അവസാന ഗഡുവായ 1ലക്ഷം വീതം നല്കാത്ത പട്ടികവര്‍ഗ്ഗത്തില്‍ പെട്ട 2 കുടുംബങ്ങള്‍ക്ക് ഉടനെ തുക അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ധര്‍ണ്ണ സമരം നടത്തിയത്. വാര്‍ഡ് പ്രസിഡന്റ് എം. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വേലായുധന്‍ കൊടവലം ഉത്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എം. കൃഷ്ണകുമാര്‍, ബിജെപി ജില്ലാ കമ്മിറ്റി അംഗം ബാലകൃഷ്ണന്‍ നായര്‍, മണ്ഡലം പ്രസിഡന്റ് വിനീത് കുമാര്‍, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പദ്മനാഭന്‍, സെക്രട്ടറി ഭരതന്‍ എന്നിവര്‍ സംസാരിച്ചു.