പാലക്കുന്ന് : അഗതികളോടൊപ്പം വാര്‍ഷികം ആഘോഷിച്ച് പള്ളിക്കര ഗവ. ഹൈസ്‌കൂള്‍ 90-91 ബാച്ച് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ.33 വര്‍ഷത്തെ ഓര്‍മ്മകള്‍ പങ്ക്വെച്ചും സമൂഹത്തിന് തങ്ങളാലാവുന്ന സേവനം ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് ഓര്‍മ്മചെപ്പ് എന്നപേരില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നത്. അഗതികള്‍ക്ക് ആശ്രയമേകുന്ന ചെറുക്കപ്പാറ മരിയ വൃദ്ധസദനത്തില്‍ നടന്ന ഓര്‍മ്മച്ചെപ്പിന്റെ വാര്‍ഷികാഘോഷം നീലേശ്വരം സബ്ബ് ഇന്‍സ്പെക്ടര്‍ മധു മടിക്കൈ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. മുന്‍ അധ്യാപകനും റിട്ടയര്‍ഡ് ഡി.പി.ഒ.യുമായ രവിവര്‍മ്മന്‍ മുഖ്യാതിഥിയായി. ആഘോഷത്തിന്റെ ഭാഗമായി ഗ്രൂപ്പിലെ പ്രവാസി അംഗങ്ങളായ ചന്ദ്രന്‍, രവി, കരുണന്‍, പ്രദീപ് എന്നിവരും മറ്റ് അംഗങ്ങളും ചേര്‍ന്ന് മൂന്ന് ചക്രകസേരകളും മനോജ് അന്തേവാസികള്‍ക്കുള്ള വസ്ത്രങ്ങളും ഖജാന്‍ജി പി.വി. ബാബു ബി. പി. പരിശോധന യന്ത്രവും ട്രസ്റ്റ് മാനേജര്‍ മനോജിന് കൈമാറി. തുടര്‍ന്ന് അന്തേവാസികളോടൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് അംഗങ്ങള്‍ മടങ്ങിയത്. സെക്രട്ടറി ദിനേശ് കുമാര്‍, ജയശ്രി, രമണി എന്നിവര്‍ പ്രസംഗിച്ചു.