നീലേശ്വരം നഗരസഭയുടെ പുതിയ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണം ആരംഭിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് ഒന്ന് മുതല്‍ നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്താന്‍ നഗരസഭാ അധ്യക്ഷ ടി.വി.ശാന്തയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നഗരസഭാതല ട്രാഫിക് നിയന്ത്രണ കമ്മിറ്റി തീരുമാനിച്ചു. കാഞ്ഞങ്ങാട്, പയ്യന്നൂര്‍ ഭാഗങ്ങളില്‍ നിന്ന് ദേശീയപാത വഴി വരുന്ന ബസ്സുകള്‍ രാജാറോഡ് വഴി നഗരത്തില്‍ പ്രവേശിച്ച് ബസാറില്‍ നിന്ന് തളിയില്‍ അമ്പലം റോഡ് വഴി വണ്‍വേ ആയി വന്ന് രാജാ റോഡിലെ പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത് രാജാറോഡ് വഴി തന്നെ തിരിച്ച് പോകണം.
പയ്യന്നൂര്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് കിഴക്കന്‍ മേഖലയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ബസ് സ്റ്റാന്റിന് മുന്നിലൂടെ വന്ന് പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തി രാജാറോഡ് വഴി ദേശീയപാതയിലേക്ക് പോകേണ്ടതാണ്. ദേശീയ പാത വഴി വന്ന് കിഴക്കന്‍ മേഖലയിലേക്ക് പോകുന്ന ബസ്സുകള്‍ തളിയില്‍ അമ്പലം റോഡ് വഴി വന്ന് ബസ് സ്റ്റാന്റിന് മുന്നില്‍ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത് പോകേണ്ടതാണ്. നീലേശ്വരത്ത് ഹാള്‍ട്ട് ചെയ്യുന്ന ബസ്സുകള്‍ കോണ്‍വെന്റ് ജംഗ്ഷന് സമീപം നിര്‍ത്തിയിടേണ്ടതാണ്.
നിലവില്‍ ബസ്സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷകള്‍ രാജാറോഡിലെ പെട്രോള്‍ പമ്പിന് എതിര്‍വശമുള്ള ഇപ്പോഴത്തെ പാര്‍ക്കിംഗ് സ്ഥലത്തേക്ക് പാര്‍ക്കിംഗ് മാറ്റേണ്ടതാണ്. മെയിന്‍ ബസാര്‍ മുതല്‍ ബസ്സ്റ്റാന്റ് വരെ സ്വകാര്യ പാര്‍ക്കിംഗ് പൂര്‍ണ്ണമായി നിരോധിക്കും. പകരമായി പട്ടേന റോഡ് ജംഗ്ഷന്‍ മുതല്‍ ചിറപ്പുറം വരെയുള്ള ഭാഗങ്ങള്‍ പ്രയോജനപ്പെടുത്തണം. ബസാറില്‍ തളിയില്‍ അമ്പലം റോഡില്‍ പാര്‍ക്ക് ചെയ്യുന്ന ഓട്ടോകള്‍ തെരു റോഡിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യണം. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങള്‍ക്കും ഈ ക്രമീകരണം ബാധകമായിരിക്കും. നഗരത്തില്‍ എത്തുന്ന സ്വകാര്യ വാഹനങ്ങള്‍ ആവശ്യമെങ്കില്‍ പേ പാര്‍ക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തേണ്ടതാണെന്നും ട്രാഫിക് നിയന്ത്രണ കമ്മിറ്റി തീരുമാനിച്ചു.
യോഗത്തില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി, മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.പി.രവീന്ദ്രന്‍, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ടി.പി ലത, നഗരസഭാ സെക്രട്ടറി മനോജ്കുമാര്‍.കെ, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുധീഷ്, നഗരസഭാ എഞ്ചിനീയര്‍ വി.വി.ഉപേന്ദ്രന്‍, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ പ്രദീപ്കുമാര്‍.കെ.വി, പി.ഡബ്ല്യു.ഡി റോഡ് വിഭാഗം ഓവര്‍സിയര്‍ വിക്ടോറിയ, പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം ഓവര്‍സിയര്‍ പി.വി.സജിന എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.