നീലേശ്വരം : കാസര്‍ഗോഡ് ജില്ലയില്‍ സംരംഭക വര്‍ഷത്തിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ എം. എസ്. എം. ഇ അവാര്‍ഡ് നീലേശ്വരം നഗരസഭയ്ക്ക് സമ്മാനിച്ചു.
തിരുവനന്തപുരത്തെ ഹോട്ടല്‍ ഹില്‍ട്ടന്‍ ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി രാജീവില്‍ നിന്ന്
നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി. വി ശാന്ത അവാര്‍ഡ് ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.
വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി, നഗരസഭ സെക്രട്ടറി മനോജ്കുമാര്‍ കെ , എന്റര്‍പ്രൈസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവുകളായ സ്‌നേഹ ഗോപന്‍, കിരണ്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
സംരംഭക വര്‍ഷം 2022-23 പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സംരംഭങ്ങളുടെ എണ്ണം, സൃഷ്ടിക്കപ്പെട്ട തൊഴില്‍ അവസരങ്ങളുടെ എണ്ണം, ആകെ നിക്ഷേപം, വ്യവസായ പാര്‍ക്കുകള്‍, മറ്റു സ്‌കീമുകളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്‌കോറിംഗ് മാനദണ്ഡം ഉപയോഗിച്ചാണ് വാണിജ്യ-വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ സമിതി മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്.
നഗരസഭ സംരംഭക സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ 2022- 23 വാര്‍ഷിക പദ്ധതി വഴി ആരംഭിച്ച രണ്ട് നൂതന സംരംഭങ്ങളുള്‍പ്പെടെയുള്ള സംരംഭ ശ്രമങ്ങളാണ് നഗരസഭയെ അവാര്‍ഡിന് അര്‍ഹമാക്കിയത്. 12 ലക്ഷം രൂപ ചെലവില്‍ ആരംഭിച്ച നിയതം അപ്പാരല്‍സ്, സാന്ത്വനം ഹൗസ് കീപ്പിംഗ് യൂണിറ്റ് എന്നീ സംരംഭങ്ങള്‍ ഇതിനോടകം തന്നെ ജനശ്രദ്ധ ആകര്‍ഷിച്ചവയാണ്.