പാലക്കുന്ന് : ആറാട്ടുകടവ് അരയാല്‍ തറ തോട് നടപ്പാലത്തിന്റെ നിര്‍മാണത്തിന് തുടക്കമായി. ഉദുമ ഗ്രാമ പഞ്ചായത്തിന്റെ 2023 – 24 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് വിഹിതത്തോടൊപ്പം ജില്ലാ പഞ്ചായത്തിന്റെയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും വിഹിതവും ചേര്‍ത്താണ് നടപ്പാലം നിര്‍മിക്കുന്നത്. 48 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. അഴീക്കലിലെ സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ കേരള ലിമിറ്റഡ് എന്ന് കമ്പനിക്കാണ് കരാര്‍ നല്‍കിയിട്ടുള്ളത്.
തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ ആറാട്ട് ഉല്‍സവത്തിന്റെ ഭാഗമായുള്ള ആറാട്ട് കുളി കഴിഞ്ഞ ശേഷം എഴുന്നള്ളത്ത് കരിപ്പോടി ശാസ്ത മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് പോകുന്നതിന് നാട്ടുകാരും സ്ഥലത്തെ ക്ലബ് പ്രവര്‍ത്തകരും ചേര്‍ന്ന് താല്‍ക്കാലിക പാലം നിര്‍മിച്ചാണ് വഴിയൊരുക്കാറ്. നടപ്പാലം യാഥാര്‍ഥ്യമാകുന്നതോടെ എഴുന്നള്ളത്ത് യാത്രയ്ക്ക് സ്ഥിരം സംവിധാനമാകും. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, വൈ.പ്രസിഡന്റ് കെ.വി ബാലകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ പി.സുധാകരന്‍ , വാര്‍ഡ് അംഗം കസ്തൂരി ബാലന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.