ജിയോട്യൂബ് തീരസംരക്ഷണ പദ്ധതി പ്രാഥമികഘട്ടം വിജയം; നിര്‍മ്മാണം വേഗത്തിലാക്കും: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: കടല്‍ക്ഷോഭത്തെ നേരിടുന്നതിനായി തിരുവനന്തപുരം പൂന്തുറയില്‍ നടപ്പാക്കുന്ന ജിയോട്യൂബ് തീരസംരക്ഷണ പദ്ധതിയുടെ പ്രാഥമിക ഘട്ടം ആശാവഹമാണെന്നും നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കൂടുതല്‍ ഡ്രെഡ്ജറുകളും ബാര്‍ജുകളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അവലോകന യോഗത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പൂന്തുറ തീരം സംരക്ഷിക്കുന്നതിന് 750 മീറ്റര്‍ നീളത്തിലാണ് ജിയോ ട്യൂബ് സ്ഥാപിക്കുന്നത്. ഇതില്‍ 200 മീറ്ററിലെ പ്രവര്‍ത്തനം പൂര്‍ത്തിയായി. ഈ സീസണില്‍ ബാക്കി 500 മീറ്റര്‍ പൂര്‍ത്തിയാക്കാന്‍ കരാറുകാരോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

പൂന്തുറയിലെ ജിയോ ട്യൂബ് സ്ഥാപിക്കല്‍ കഴിഞ്ഞാല്‍ അതിന്റെ തുടര്‍ച്ചയായി ശംഖുമുഖം വരെയുള്ള പ്രവര്‍ത്തനം കാലതാമസമില്ലാതെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പൂന്തുറയിലെ ആദ്യഘട്ടം വിജയകരമാണ്. ഇവിടെ തീരം രൂപപ്പെട്ടുകഴിഞ്ഞു. പൈലറ്റ് പ്രൊജക്ട് വിജയമായാല്‍ സംസ്ഥാനത്തെ തീരദേശം മുഴുവന്‍ ഈ രീതി വ്യാപിപ്പിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ഏറ്റവുമധികം കടലാക്രമണം നേരിടുന്ന പൂന്തുറ മുതല്‍ ശംഖുമുഖം വരെയുള്ള പ്രദേശത്ത് പൈലറ്റ് പൊജക്ട് എന്ന നിലയില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതി സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.സി.എ.ഡി.സി) മുഖേനയാണ് നടപ്പാക്കുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 150 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. പാറ ഉപയോഗിച്ച് നടത്തുന്ന തീരസംരക്ഷണ രീതിക്ക് പകരം 12 മീറ്റര്‍ മൂതല്‍ 15 മീറ്റര്‍ വരെ വ്യാസമുള്ള ഭീമാകാരമായ ജിയോട്യൂബില്‍ (250 ടണ്‍) മണല്‍ നിറച്ച് കടലില്‍ 8 മീറ്റര്‍ വരെ ആഴമുള്ള പ്രദേശങ്ങളില്‍ സ്ഥാപിക്കുന്ന രീതിയാണ് ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതിയില്‍ അവലംബിച്ചിരിക്കുന്നത്.

കടലാക്രമണത്തെ ചെറുക്കുന്നതിനൊപ്പം ലാഭകരമായ പദ്ധതി എന്ന നിലയിലും ജിയോ ട്യൂബ് പ്രസക്തമാണെന്ന് യോഗത്തില്‍ സംബന്ധിച്ച ആന്റണി രാജു എംഎല്‍എ പറഞ്ഞു. കടല്‍ഭിത്തിക്കായി പാറകള്‍ ഇടുന്നതിന്റെ പത്തിലൊന്ന് ചെലവ് മാത്രമേ വരുന്നുള്ളൂ. ജിയോ ട്യൂബ് പ്രകൃതിസൗഹൃദവും സുരക്ഷിതവുമാണെന്നും അദ്ദേഹം പറഞ്ഞു.

കടലിലെ വളരെയധികം പ്രതിബന്ധങ്ങളെ തരണം ചെയ്ത് ചുരുങ്ങിയ സമയം കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും തീരസംരക്ഷണത്തിന്റെ ഭാഗമായുള്ള ഈ നൂതന പദ്ധതി പ്രക്ഷുബ്ധമായ കടലോരമുള്ള പ്രദേശത്ത് നടപ്പിലാക്കുന്ന ഇന്ത്യയുടെ ആദ്യ പദ്ധതിയാണെന്നും കെ.എസ്.സി.എ.ഡി.സി എംഡി പിഐ ഷെയ്ക്ക് പരീത് പറഞ്ഞു.

ഭൗമശാസ്ത്ര മന്ത്രാലയത്തിലെ ആഴക്കടല്‍ ദൗത്യ വിഭാഗം ഡയറക്ടറും നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് (എന്‍സിസിആര്‍) ഡയറക്ടറുമായ എം.വി രമണമൂര്‍ത്തി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷന്‍ ടെക്‌നോളജിയിലെ ശാസ്ത്രജ്ഞ ഡോ. വിജയ രവിചന്ദ്രന്‍, കൗണ്‍സിലര്‍ മേരി ജിപ്‌സി, എച്ച്ഇഡി ചീഫ് എന്‍ജിനീയര്‍ മുഹമ്മദ് അന്‍സാരി, നാഷണല്‍ ഇന്‍സ്സിറ്റിയൂട്ട് ഓഫ് ഓഷന്‍ ടെക്‌നോളജിയിലെ ശാസ്ത്രജ്ഞന്‍ കിരണ്‍ എ.എസ്, ഫാ. ഡാര്‍വിന്‍ പീറ്റര്‍, പദ്ധതിയുടെ കരാര്‍ കമ്പനിയായ ഡിവിപി-ജിസിസിയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷന്‍ ടെക്‌നോളജി (എന്‍ഐഒടി), നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് (എന്‍സിസിആര്‍) എന്നീ കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളാണ് പൂന്തുറയിലെ ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതിയുടെ പഠനം നിര്‍വ്വഹിച്ചത്. പാറയ്ക്കു പകരം ജിയോ ട്യൂബ് ഉപയോഗിച്ചുള്ള സംവിധാനം പരിസ്ഥിതി സൗഹൃദവും കേരള തീരത്തിന് അനുയോജ്യവും ചെലവ് കുറഞ്ഞതുമാണെന്ന ഈ സ്ഥാപനങ്ങള്‍ കണ്ടെത്തി.

പൂന്തുറയില്‍ 20.73 കോടി രൂപയുടെ പദ്ധതിക്കാണ് കിഫ്ബി അംഗീകാരം നല്‍കിയത്. 2022 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ പദ്ധതി 100 മീറ്റര്‍ പൂര്‍ത്തീകരിച്ചു. രണ്ടു വര്‍ഷത്തിന് ശേഷം നടത്തിയ ആഴക്കടല്‍ പഠനത്തില്‍ ഈ പ്രദേശത്ത് വന്‍തോതില്‍ കര രൂപപ്പെട്ടതായും ജിയോ ട്യൂബ് കേന്ദ്രീകരിച്ച് മത്സ്യങ്ങളുടെയും കടല്‍ജീവികളുടെയും പ്രജനനം ഉണ്ടായതായും തെളിഞ്ഞു. ഇതിനെ തുടര്‍ന്നാണ് ശേഷിക്കുന്ന നിര്‍മ്മാണം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനമായത്.

Leave a Reply

Your email address will not be published. Required fields are marked *