മല്ലിക ഗോപാലന് ‘സമം’ പുരസ്‌കാരം: പതറാതെ പൊരുതിയ സഹനത്തിന്റെ ആത്മബലം

പാലക്കുന്നില്‍ കുട്ടി

സംസ്ഥാന സാംസ്‌കാരിക വകുപ്പും ജില്ല പഞ്ചായത്തും ചേര്‍ന്ന് നടത്തുന്ന വജ്ര ജൂബിലി പദ്ധതിയുടെ സമം സാംസ്‌കാരികോത്സവം സമം അവാര്‍ഡിന് വനിതാ സംരംഭക വിഭാഗത്തില്‍ പാലക്കുന്ന് ഹോട്ടല്‍ ബേക്കല്‍ പാലസ് ഉടമ മല്ലിക ഗോപാലന്‍ അര്‍ഹയായെന്ന് കേട്ടപ്പോള്‍, മികവുറ്റ ഈവിധം പുരസ്‌കാരം ഇവിടെയെത്താന്‍ വൈകിപ്പോയില്ലേ എന്ന് ചിന്തിച്ചുപോകുന്നവരും ഇവിടെ കാണും.

ഭര്‍ത്താവിന്റെ ആകസ്മിക വിയോഗം തളര്‍ത്തിയ പ്രതിസന്ധിയില്‍ തളരാതെ മുന്നേറാന്‍ സഹനവും കരുത്തും സ്വായത്തമാക്കിയത് പാലക്കുന്നമ്മയിലുള്ള വിശ്വാസം മാത്രമാണെന്ന് അടിയുറച്ചു പറയുന്നതില്‍ അഭിമാനം കൊള്ളുന്ന മല്ലിക, താന്‍ പിന്നിട്ട നാള്‍ വഴികളിലെ കല്ലും മുള്ളും സശ്രദ്ധം താണ്ടിയാണ് ‘സമം പുരസ്‌ക്കാര’ വേദിയില്‍ സ്വാഭിമാനം എത്തിനില്‍ക്കുന്നത്.

കൈപ്പും മധുരവും എരിവും പുളിയുമെല്ലാം ഒരേ രസക്കൂട്ടില്‍ രുചിച്ചറിയാന്‍ മല്ലികയെ പ്രാപ്തയാക്കിയത് താന്‍ സ്വയം സ്വായത്തമാക്കിയ മനക്കരുത്തും നിശ്ചയദാര്‍ഢ്യവുമായിരുന്നു. മുഖങ്ങളും പൊയ്മുഖങ്ങളും ചിരിയും പരിഹാസങ്ങളും വേര്‍തിരിച്ചറിയാന്‍ പ്രതിസന്ധി ഘട്ടത്തില്‍ സഹായകമായി. മുന്നേറാനുള്ള വാശിയും അതിനുള്ള കരുത്തും നേടിയത് ആ തിരിച്ചറിവുകളിലൂടെയായിരുന്നു.

ബേക്കല്‍ പാലസ് എന്ന സ്വപ്നം

പാലക്കുന്നില്‍ സംസ്ഥാന പാതയോരത്ത് നക്ഷത്ര പദവിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഹോട്ടല്‍ ബേക്കല്‍ പാലസ് ഭര്‍ത്താവ് ഗോപാലന്റെ സ്വപ്ന പദ്ധതിയായിരുന്നു. അത് യാഥാര്‍ഥ്യമാകും മുന്‍പേ അദ്ദേഹത്തിന്റെ വിയോഗം കുറച്ചൊന്നുമല്ല മല്ലികയെ തളര്‍ത്തിയത്. ഇട്ടെറിഞ്ഞു പോകാന്‍ മനസ് സമ്മതിച്ചില്ല. മുംബൈയിലെ ബിസിനസും പാതി വഴിയിലായ നാട്ടിലെ സ്വപ്ന പദ്ധതിയും വലിയൊരു ചോദ്യചിഹ്നമായി മനസ്സിനെ ആകുലപ്പെടുത്തി. പക്ഷേ പാലക്കുന്നമ്മയില്‍ എല്ലാം അര്‍പ്പിച്ച് ഒറ്റയാള്‍ പട്ടാളമായി പൊരുതി നേടിയ
പിന്‍ബലത്തില്‍ പൂര്‍ണമായും കരകയറിയെന്ന് പറയാനും മല്ലിക മനസ്സ് തുറന്നിട്ടില്ല. ഇതിനിടെ അസുഖം ബാധിച്ചതും അതില്‍ നിന്ന് ഉയര്‍ന്നെഴുന്നേറ്റതും രണ്ടാം ജന്മ വരധാനമാണെന്ന് മല്ലിക പറയുന്നു. രൗദ്രഭാവത്തില്‍ അലയിട്ടടിച്ച തിരകള്‍ ശാന്തമായി തീരമണയാന്‍ തുടങ്ങിയിട്ടേയുള്ളൂ. തിരയുടെ ആ തഴുകല്‍ മനസ്സിന് നല്‍കുന്ന സുഖം തന്നെയാണ് മുന്നോട്ടുള്ള പ്രയാണത്തിന്റെ കരുത്തും. ആ ആത്മവിശ്വാസത്തില്‍ മല്ലികയുടെ മുഖത്തിപ്പോള്‍ നേരിയ പുഞ്ചിരി തെളിയുന്നത് അങ്ങ് കാണാമറയത്ത് നിന്ന് തന്റെ ഗോപലേട്ടന്‍ കാണുന്നുണ്ടാകും എന്നാണ് സമം പുരസ്‌കാരം ഏറ്റുവാങ്ങുന്ന മൂഹൂര്‍ത്ത വേളയില്‍ മല്ലിക സ്മരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *