തിരുവനന്തപുരം: രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയാണ് ഇത്തവണ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 19 കിലോഗ്രാം ഭാരമുള്ള സിലിണ്ടറിന് 25 രൂപ 50 പൈസയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ, വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില 1806 രൂപയായി ഉയര്‍ന്നു.
പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. തുടര്‍ച്ചയായ രണ്ടാം മാസമാണ് വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിക്കുന്നത്. കഴിഞ്ഞ മാസം വാണിജ്യ സിലിണ്ടറിന് 14 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. രണ്ട് മാസത്തിനിടെ 40 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. എണ്ണ കമ്ബനികള്‍ എല്ലാ മാസവും ഒന്നാം തീയതിയാണ് പാചക വാതക സിലിണ്ടറുകളുടെ വില പുതുക്കി നിശ്ചയിക്കുന്നത്.