ഫാസ്ടാഗ് കെവൈസി പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ ഒരു മാസം കൂടി അവസരം; തീയതി വീണ്ടും നീട്ടി

ഫാസ്ടാഗ് കെവൈസി പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ വീണ്ടും അവസരം. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഒരു മാസം കൂടിയാണ് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. പേടിഎം ഫാസ്ടാഗ് ഉപഭോക്താക്കളുടെ പ്രശ്‌നം കൂടി കണക്കിലെടുത്താണ് കാലാവധി നീട്ടിയിരിക്കുന്നതെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി. ഒന്നിലധികം വാഹനങ്ങള്‍ക്ക് ഒരു ഫാസ്ടാഗ് ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കെവൈസി പ്രക്രിയകള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ദേശീയപാത അതോറിറ്റി നിര്‍ദ്ദേശം നല്‍കിയത്.

ഫെബ്രുവരി 29നകം ഫാസ്ടാഗില്‍ കെവൈസി പൂര്‍ത്തിയാക്കണമെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, റിസര്‍വ് ബാങ്കിന്റെ വിലക്കിനെ തുടര്‍ന്ന് പേടിഎം ഫാസ്ടാഗുകളില്‍ മാര്‍ച്ച് 15-ന് ശേഷം റീചാര്‍ജ് ചെയ്യാന്‍ സാധിക്കുകയില്ല. 15 വരെയുള്ള ബാലന്‍സ് തീരും വരെ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാനാകും. പേടിഎമ്മിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഫാസ്ടാഗ് ഉടമകള്‍ നിര്‍ബന്ധമായും മറ്റൊരു ബാങ്കിന്റെ ഫാസ്ടാഗ് എടുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമയപരിധി അവസാനിച്ച് കഴിഞ്ഞാല്‍ കെവൈസി ഇല്ലാത്ത ഫാസ്ടാഗുകള്‍ പ്രവര്‍ത്തനരഹിതമായി മാറും. ഇതിനോടൊപ്പം ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് എന്ന ചട്ടവും പ്രാബല്യത്തില്‍ വരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *