തൊടുപുഴ: മൂന്നാറില്‍ വീണ്ടും ആക്രമണം അഴിച്ചുവിട്ട് പടയപ്പ. മൂന്നാര്‍ മറയൂര്‍ സംസ്ഥാന പാതയിലാണ് കാട്ടുകൊമ്ബനായ പടയപ്പ ഇറങ്ങിയത്. തമിഴ്‌നാട് ആര്‍ടിസി ബസിന് നേരെ പാഞ്ഞടുത്ത പടയപ്പ, ബസിന്റെ ചില്ലുകള്‍ തകര്‍ത്തു. ഏകദേശം ഒരു മണിക്കൂറിലധികമാണ് റോഡില്‍ പടയപ്പ നിലയുറപ്പിച്ചത്. ഇതോടെ, മണിക്കൂറുകളോളം സംസ്ഥാന പാതയിലെ ഗതാഗതം തടസ്സപ്പെട്ടു.
വനപാലകരെത്തി പടക്കം പൊട്ടിച്ച ശേഷമാണ് പടയപ്പയെ പ്രദേശത്തു നിന്നും തുരത്തിയത്. ഇന്നലെ രാത്രിയോടെയാണ് പടയപ്പയുടെ ആക്രമണം ഉണ്ടായത്. രാജമല എട്ടാമൈലില്‍ വെച്ച് മൂന്നാറില്‍ നിന്നും ഉദുമല്‍പേട്ടയിലേക്ക് വന്ന ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തവണയാണ് പടയപ്പ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നത്. ആന ജനവാസ മേഖലയില്‍ തന്നെ തുടരുന്നതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് ഇതിനോടകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.