ശമ്പള, പെന്‍ഷന്‍ വിതരണത്തില്‍ ആശങ്ക ആവശ്യമില്ല : മന്ത്രി കെ എന്‍ ബാലഗോപാല്‍

സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് തുടര്‍ ദിവസങ്ങളില്‍ മുഴുവന്‍ ശമ്പളവും പെന്‍ഷനും വിതരണം നടത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പെന്‍ഷണേഴിസിനുള്ള തുക ആദ്യദിനം തന്നെ മിക്കവര്‍ക്കും ലഭിച്ചിരുന്നു. ട്രഷറി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് ട്രഷറിയില്‍ നിന്ന് നല്‍കേണ്ട പണം പോകുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് ലഭിക്കേണ്ട 57400 കോടി രൂപയുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കടമെടുപ്പ് പരിധിയിലെ നിയന്ത്രണവും ധനപ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായ തുക ലഭിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാനത്തിന് നല്‍കേണ്ട 13,608 കോടി രൂപയുടെ കുറവ് കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതനുവദിക്കുന്നതിന് കേസ് പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല. ധനകാര്യ മാനേജ്മെന്റില്‍ കേരളം മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. നികുതി വര്‍ധനയില്ലാതെ റവന്യൂ വരുമാനം 47000 കോടിയില്‍ നിന്നും 72000 കോടി രൂപയായി ഉയര്‍ത്തിയ സംസ്ഥാനമാണ് കേരളം. ജി എസ് ടി തുക ശേഖരിക്കുന്നതില്‍ ദേശീയ ശരാശരി 12 ശതമാനം ആകുമ്പോള്‍ കേരളം 16 ശതമാനം ആണ്. അതുകൊണ്ട് തന്നെ നിലവിലെ പ്രതിസന്ധികളെ പരിഹരിക്കുന്നതിന് സുശക്തമായ ട്രഷറി സംവിധാനം കേരളത്തിനുണ്ട്. അതിനാല്‍ അനാവശ്യമായ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. എന്നാല്‍ ശമ്പളവും പെന്‍ഷനും പോലെ വിവിധ പൂര്‍ത്തിയാക്കണ്ടതും അതിന്റെ ചെലവ് കണ്ടെത്തണ്ടതും സംസ്ഥാനത്തിന്റെ ആവശ്യമാണ്. ഇതിന് കേന്ദ്രഗവണ്‍മെന്റിന്റെ സഹകരണം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *