മടിക്കൈ ഗ്രാമപഞ്ചായത്ത് 2023 – 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാന്തന്‍കുഴി കമ്മ്യൂണിറ്റി ഹാള്‍ പരിസരത്ത് ഊരുത്സവം – 2024 ‘ഈയാമ ജോ’ നടത്തി. തനത് ഉത്പന്നങ്ങളുടെയും ഊരുകളില്‍ നിന്ന് ശേഖരിച്ച ഭക്ഷ്യവിഭവങ്ങളായ നര, കുറുട്, കുണ്ട്കിഴങ്ങ്, കൂവ, ഉറുമ്പരി ചമ്മന്തി, ഒയറ, പച്ചമരുന്ന്, പഴയ കാലത്ത് കൃഷി ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം നടത്തി. കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനത്തിനു വേണ്ടിയുള്ള 8 ഓളം സ്റ്റാളുകള്‍ ഒരുക്കി. ഊരുത്സവം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷണന്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീത അദ്ധ്യക്ഷത വഹിച്ചു. സ്റ്റാളിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍ നിര്‍വ്വഹിച്ചു. എ.ബി.സി.ഡി പദ്ധതി പ്രകാരം റേഷന്‍ കാര്‍ഡ് ലഭിച്ച ഗുണഭോക്താവിന് ഹൊസ്ദുര്‍ഗ് താലൂക്ക് തഹസില്‍ദാര്‍ എം.മായ റേഷന്‍ കാര്‍ഡ് വിതരണം ചെയ്തു. വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരെ സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രന്‍ സ്നേഹോപഹാരം നല്കി ആദരിച്ചു. വി.പ്രകാശന്‍, അബ്ദുള്‍ റഹിമാന്‍, പി.സത്യ, രമ പത്മനാഭന്‍, ടി.രാജന്‍, എന്‍.ബാലകൃഷ്ണന്‍, സി.പ്രഭാകരന്‍, എം.രാജന്‍, കെ.എം.ഷാജി, കെ.റീന, കെ.ദാമോദരന്‍, വി.ബാലകൃഷ്ണന്‍, വി.വേണു, എന്‍.ആനന്ദന്‍ , സിവില്‍ സപ്ലൈ ഓഫീസര്‍ മാധവന്‍ പോറ്റി, അസിസ്റ്റന്റ് സപ്ലൈ ഓഫീസര്‍ ഷണ്‍മുഖന്‍, ട്രൈബല്‍ ഓഫീസര്‍ രാകേഷ്, അസിസ്റ്റന്റ് സെക്രട്ടറി സി.ഷിബു, എസ്.ടി പ്രമോട്ടര്‍മാരായ മഹേഷ്, വിജേഷ് എന്നിവര്‍ സംസാരിച്ചു. കെ.വി.പ്രമോദ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് മംഗലംക്കളി, ആലാമിക്കളി, തിരുവാതിര, മറയൂരാട്ടം, ഇരുളാട്ടം, തിറയാട്ടം, നാടന്‍പാട്ട് തുടങ്ങി ഒട്ടനവധി കലാ പരിപാടികളും അരങ്ങേറി.