പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി കുറിക്കല്‍ ചടങ്ങ് നടന്നു. 7ന് കൊടിയേറ്റവും 8ന് ഭൂതബലി, 9ന് താലപ്പൊലി ഉത്സവങ്ങളും നടക്കും.10 നാണ് ആയിരത്തിരി ഉത്സവം. ഇത്തവണ അഞ്ചു പ്രദേശങ്ങളില്‍ നിന്ന് തിരുമുല്‍കാഴ്ചകള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കും.
ഭരണികുഞ്ഞായി പി.വി. അമേയയെ ദേവി സമക്ഷം അരിയിട്ട് വാഴിക്കല്‍ ചടങ്ങും നടന്നു. അടിച്ചു തളിക്ക് ശേഷം ഭണ്ഡാരവീട്ടിലെ പടിഞ്ഞാറ്റയില്‍ ബാലികയെ പലകയില്‍ ഇരുത്തി ആചാരസ്ഥാനികരും മറുത്തുകളി പണിക്കരും ക്ഷേത്ര ഭരണ സമിതി പ്രസിഡന്റും അരിയും കുറിയുമിട്ട് അനുഗ്രഹിച്ച് ഭരണികുഞ്ഞായി വാഴിച്ചു. വലിയൊരു പുരുഷാരം
ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി. ഉദുമ പെരിയ വളപ്പില്‍ പ്രകാശന്റെയും ശ്രീജയുടെയും മകളായ അമേയ ഉദുമ ഗവ. എല്‍. പി. സ്‌കൂളില്‍ രണ്ടാം തരം വിദ്യാര്‍ഥിനിയാണ്. ഭരണികുഞ്ഞാകാന്‍ അമേയയ്ക്ക് ഇത് രണ്ടാം നിയോഗമാണ്.
തറയിലച്ചനും അനുയായികളും ബാലികയുടെ വീട്ടിലെത്തി ബന്ധുക്കളോടൊപ്പം ഭണ്ഡാര വീട്ടിലേക്ക് നിയുക്ത ഭരണി കുഞ്ഞിയെ കൂട്ടികൊണ്ടുവന്നു .
ദേവി ക്ഷേത്രങ്ങളില്‍ മീന മാസത്തിലാണ് പൊതുവെ ഭരണി ഉത്സവം നടക്കാറ്. കുംഭത്തിലെ അഷ്ടമിക്ക് മുമ്പുള്ള കൃഷ്ണപഞ്ചമിക്ക് തൃക്കണ്ണാട് ആറാട്ടിന് കൊടിയേറുന്നതിന്റെ തുടര്‍ച്ചയായിട്ടാണ് പാലക്കുന്നിലെ ഉത്സവത്തിന് തുടക്കം. അതാണ് മിക്ക വര്‍ഷങ്ങളിലും പാലക്കുന്നില്‍ ഉത്സവം കുംഭത്തിലാകുന്നത്. തൃക്കണ്ണാട് ക്ഷേത്രത്തില്‍ ഉത്സവം കൊടിയിറങ്ങുന്ന ദിവസം അവിടെ നിന്ന് പ്രതീകാത്മകമായി ആ കമ്പയും കയറും ഏറ്റുവാങ്ങി പാലക്കുന്നില്‍ കൊടിയേറ്റുന്നു.അത് കുംഭത്തില്‍ ആയിരിക്കുമെന്നതിനാല്‍
ദേവിയുടെ ജന്മ നക്ഷത്രമായ ഭരണി നാളില്‍ ജനിച്ച കഴക പരിധിയില്‍ നിന്നുള്ള പത്ത് വയസ്സ് കവിയാത്ത ബാലികയെ ഭരണികുഞ്ഞായി അരിയിട്ട് വാഴിക്കുന്നതാണ് വഴക്കം.
ഉത്സവ നാളുകളില്‍ ദേവിയുടെ നക്ഷത്ര പ്രതീകമായി അമേയ ആചാര സ്ഥാനികരോടൊപ്പം ഉത്സവ ചടങ്ങുകളില്‍ പങ്കെടുക്കും. വലിയൊരു പുരുഷാരം ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.