അതിരപ്പിള്ളി ജനവാസ മേഖലയില്‍ വീണ്ടും ഭീതി വിതച്ച് കാട്ടാന ശല്യം

അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാനയുടെ സാന്നിധ്യം. അതിരപ്പിള്ളി വൈറ്റിലപ്പാറയിലെ പത്തയാറിലാണ് കാട്ടാന ഇറങ്ങിയിരിക്കുന്നത്. നിരവധി ആളുകള്‍ താമസിക്കുന്ന ജനവാസ മേഖലയാണ് പത്തയാര്‍. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എണ്ണപ്പനതോട്ടത്തില്‍ രണ്ട് കാട്ടാനകള്‍ തമ്ബടിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി ഇവിടെ കാട്ടാനശല്യം രൂക്ഷമാണ്. ജനവാസ മേഖലയില്‍ കാട്ടാന എത്തിയതോടെ വനം വകുപ്പിന്റെ ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി.

ആന ഇറങ്ങിയതിനാല്‍ ചാലക്കുടി-അതിരപ്പിള്ളി റോഡിലെ ഗതാഗതം നിലച്ചിരിക്കുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ആനയെ റോഡില്‍ നിന്നും മാറ്റിയശേഷം ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആനയുള്ള സ്ഥലത്തുനിന്നും 300 മീറ്റര്‍ അകലെ നിരവധി വീടുകളും പെട്രോള്‍ പമ്ബുകളും ഉണ്ട്. കഴിഞ്ഞ ദിവസം അതിരപ്പള്ളിയില്‍ ആനയുടെ ആക്രമണത്തെ തുടര്‍ന്ന് വയോധിക കൊല്ലപ്പെട്ടിരുന്നു.

വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടിലേക്ക് പോയ വത്സ എന്ന വയോധികയെയാണ് ആന ചവിട്ടി കൊലപ്പെടുത്തിയത്. വത്സയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. അതേസമയം, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അതിരപ്പിള്ളിയില്‍ ഇന്ന് കരിദിനം ആചരിക്കുന്നതാണ്. കൂടാതെ, വത്സയോടുള്ള ആദരസൂചകമായി അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം ഇന്ന് അടച്ചിടും.

Leave a Reply

Your email address will not be published. Required fields are marked *