സംസ്ഥാനത്ത് ഇന്നും താപനില ഉയര്‍ന്നുതന്നെ, 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില വീണ്ടും ഉയരുന്നു. താപനില ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 8 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം, കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍ എന്നി ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കാസര്‍കോട് ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും.

സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. പകല്‍ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് ശീലിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *