പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവത്തിന് ഇന്ന് കൊടിയേറ്റും

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവത്തിന് വ്യാഴാഴ്ച്ച കൊടിയേറും. ഇന്നലെ രാത്രി തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളത്ത് ആറാട്ടുകടവിലെ നീരാട്ടിന് ശേഷം ക്ഷേത്രത്തിലേക്കുള്ള തിരിച്ചെഴുന്നള്ളത്തിനെ പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടില്‍ കര്‍മികള്‍ കെട്ടിച്ചുറ്റി തിരുവായുധങ്ങളുമായി എതിരേറ്റ് തൃക്കണ്ണാടേക്ക് അനുഗമിച്ചു. കൊടിയിറക്കത്തിന് ശേഷം തിടമ്പുകള്‍ക്ക് ചാര്‍ത്തിയിരുന്ന പുഷ്പമാലകളും പ്രസാദവും എണ്ണയും സ്വീകരിച്ച് അവ തുരുവായുധങ്ങളില്‍ ചാര്‍ത്തി പ്രതീകാത്മകമായി കമ്പയും കയറും, പന്തല്‍ മുള, ഓല എന്നിവ ഏറ്റുവാങ്ങി ഇന്ന് പുലര്‍ച്ചെ എഴുന്നള്ളത്ത് പാലക്കുന്ന് ഭണ്ഡാര വീട്ടിലേക്ക് മടങ്ങി.

ഉച്ചക്ക് ശേഷം ക്ഷേത്രത്തില്‍ വാല്യക്കാരുടെ സഹായത്തോടെ ‘ആനപ്പന്തല്‍’ ഉയര്‍ത്തും. രാത്രി 10 മണിയോടെ ഭണ്ഡാര വീട്ടില്‍ നിന്ന് കെട്ടിച്ചുറ്റി, തിടമ്പുകളും തിരുവായുധങ്ങളും കൊടിക്കൂറയുമായി എഴുന്നള്ളത്ത് മേലേ ക്ഷേത്രത്തില്‍ പ്രവേശിക്കും. അനുബന്ധ ചടങ്ങുകള്‍ക്ക് ശേഷം രാത്രി 12.30 ന് 5 ദിവസം നീളുന്ന ഭരണി ഉത്സവത്തിന് കൊടിയേറ്റും.

കീഴൂര്‍ കുന്നരിയത്തെ ഹരിദാസ് ഇളയഭഗവതിയുടെ കാര്‍ണവരായി ഇന്ന് രാത്രി 7.30നും 8.30നും മധ്യേ ഭണ്ഡാര വീട്ടിലെ ശ്രീകോവില്‍ നടയില്‍ കലശം കുളിച്ച് ആചാര സ്ഥാനം ഏറ്റെടുക്കും. കീഴൂര്‍ കാട്ടൂര്‍ വളപ്പ് തറവാട്ടുകാരനാണ് 49 വയസുകാരനായ ഹരിദാസ് എന്ന ചന്ദ്രന്‍.

Leave a Reply

Your email address will not be published. Required fields are marked *