സി സ്പേസ് കലയെയും കലാകാരന്മാരെയും അംഗീകരിക്കുന്ന ഒടിടി പ്ലാറ്റ് ഫോമായിരിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

കലയുടെയും കലാകാരന്മാരുടെയും മൂല്യങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ഒടിടി പ്ലാറ്റ്ഫോമായിരിക്കും സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സി സ്പേസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം കൈരളി തിയേറ്ററില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒ ടി ടി പ്ലാറ്റ് ഫോം സി സ്പേസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഹ്രസ്വ ചിത്രത്തില്‍ തുടങ്ങി ഫീച്ചര്‍ ഫിലുമകളടക്കം ലഭ്യമാകുന്ന രാജ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ ചുവട് വെയ്പ്പെന്ന പ്രത്യേകത ഇതിനുണ്ട്.മാറുന്ന ആസ്വാദനത്തിനനുസരിച്ചുള്ള പുത്തന്‍ സങ്കേതങ്ങള്‍ ലഭ്യമാക്കണം എന്നതാണ് സര്‍ക്കാര്‍ നയം. സിനിമ നിര്‍മാണം, ആസ്വാദനം തുടങ്ങിയ സമസ്ത മേഖലകളിലും വേഗത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുകയാണ്.

വിര്‍ച്വല്‍ റിയാലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുടെ സ്വാധീനം വിതരണ, പ്രദര്‍ശന മേഖലകളിലടക്കം സ്വാധീനിക്കുന്നു. സിനിമ പൊതുസ്ഥലങ്ങളില്‍ നിന്ന് തിയേറ്ററിലേക്കും പിന്നീട് ടെലിവിഷന്റെ വരവോടെ വീടുകളിലേക്കും എത്തി. എന്നാല്‍ ഇന്റര്‍നെറ്റിന്റെ വരവോടെ എപ്പോള്‍ വേണമെങ്കിലും കാണാന്‍ കഴിയുന്ന ഒന്നായി സിനിമ മാറി. ഒ ടി ടി പ്രദര്‍ശനത്തിനായി ലാഭം മാത്രം അടിസ്ഥാനമാക്കി സിനിമകളെ തെരഞ്ഞെടുക്കുന്ന പ്രവണതയാണ് നിലവിലുള്ളത്.

കലയുടെയും കലാകാരന്റെയും മൂല്യത്തിന് പ്രാധാന്യം നല്‍കാത്ത സാഹചര്യവുമുണ്ട്. അതോടൊപ്പം തദ്ദേശീയ ഭാഷാചിത്രങ്ങളെ അപ്രസക്തമായി കാണുന്നു. ഭാഷയെ പരിപോഷിപ്പിച്ച് കലയെയും കലാകരന്മാരെയും പ്രോല്‍സാഹിപ്പിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. മലയാള സിനിമയുടെ ചരിത്രത്തെ പ്രതിഫലിക്കുന്ന ഒന്നായി ഒടിടി പ്ലാറ്റ് ഫോം മാറും. മറ്റ് ഭാഷയിലെ ആദ്യകാല സിനിമകള്‍ പുരാണങ്ങളിലും ഇതിഹാസങ്ങളിലും പ്രമേയ സാധ്യതകള്‍ കണ്ടെത്തി. എന്നാല്‍ വിഗതകുമാരന്‍, ബാലന്‍ തുടങ്ങിയ സാമൂഹിക ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയുടെ ചരിത്രം ആരംഭിക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ട മനുഷ്യര്‍ക്കൊപ്പം നില്‍ക്കുന്ന സാമൂഹിക ബോധം നമ്മളില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്നു. തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ മാത്രമാണ് സിസ്പേസില്‍ വരിക എന്നുള്ളതുകൊണ്ട് തന്നെ തിയേറ്റര്‍ ഉടമകളുടെയും വിതരണക്കാരുടെയും ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാരിനായി. അന്താരാഷ്ട്ര ഭീമന്‍ കുത്തകള്‍ക്കുമുന്നില്‍ പുതിയ ബദല്‍ തീര്‍ക്കുകയാണ് കേരളം ചെയ്യുന്നത്. കാണുന്ന ചിത്രങ്ങള്‍ക്ക് മാത്രം പണം നല്‍കിയാല്‍ മതിയെന്ന പേപ്പര്‍ വ്യൂ സംവിധാനമാണ് ഈ ഒടിടി പ്ലാറ്റ്ഫോമിന്റെ ആകര്‍ഷണം.

ഫീച്ചര്‍ ഫിലിമിന് 75 രൂപ എന്ന നിരക്കില്‍ പണം നല്‍കുമ്പോള്‍പകുതി തുക നിര്‍മാതാവിന് ലഭിക്കുമെന്നതും പ്രത്യേകതയാണ്. സമൂഹത്തോട് ഇത്രമേല്‍ ബന്ധം പുലര്‍ത്തുന്ന കലാരൂപമെന്ന നിലയിലും തൊഴില്‍ മേഖലയെന്ന നിലയിലും സിനിമ മേഖലയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. പുരോഗമനോന്മുഖമായി നിലനില്‍ക്കുന്ന കലാരൂപങ്ങള്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളുവെന്നത് പ്രത്യേകം ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒ ടി ടി സാങ്കേതിക വിദ്യ തയാറാക്കിയ മൊബിയോട്ടിക്സ് സി ഇ ഒ തേജ് പാണ്ഡെക്ക് സംസ്ഥാന സര്‍ക്കാരിന്റെ സ്നേഹോപഹാരം മുഖ്യമന്ത്രി സമ്മാനിച്ചു.

മത്സ്യബന്ധനം, സാംസ്‌കാരികം, യുവജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആര്‍. അനില്‍, ആന്റണി രാജു എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി. കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, കെ.എസ്.എഫ്.ഡി.സി. മാനേജിംഗ് ഡയറക്ടര്‍ കെ. വി. അബ്ദുള്‍ മാലിക്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, വാര്‍ഡ് കൗണ്‍സിലര്‍ ഹരികുമാര്‍, കേരള സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍ കെ,ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സാംസ്‌ക്കാരിക വകുപ്പ് ഡയറക്ടര്‍ എന്‍. മായ, ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ കെ, കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സ് ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട്, മൊബിയോട്ടിക്സ് സി.ഇ.ഒ തേജ് പാണ്ഡെ , കെ.എസ്.എഫ്.ഡി.സി. ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എം. എ. നിഷാദ് എന്നിവര്‍ സംബന്ധിച്ചു. ചടങ്ങിനെ തുടര്‍ന്ന് വാന പ്രസ്ഥം സിനിമയുടെ പ്രത്യേക പ്രദര്‍ശനവും നടന്നു. 32 ഫീച്ചര്‍ ചിത്രങ്ങളടക്കം 42 കണ്ടന്റാണ് തുടക്കത്തില്‍ സി സ്പേസില്‍ ലഭ്യമാകുന്നത്. തുടര്‍ന്ന് കൂടുതല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ക്രഡിറ്റ്, ഡബിറ്റ് കാര്‍ഡുകള്‍, യു പി ഐ പേയ്മെന്റ് സൗകര്യങ്ങളടക്കം പ്ലാറ്റ് ഫോമില്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *