നിറദീപങ്ങളും നാടും സാക്ഷി ; ഹരിദാസ് ഇനി കാര്‍ന്നോച്ചന്‍

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ കീഴൂര്‍ കുന്നരിയത്തെ ഹരിദാസ് എന്ന ചന്ദ്രന്‍ ഇളയ ഭഗവതിയുടെ കാര്‍ണവരായി കലശം കുളിച്ച് സ്ഥാനംഏറ്റെടുത്തു. ഭരണി ഉത്സവ കൊടിയേറ്റത്തിനുള്ള എഴുന്നള്ളത്ത് ക്ഷേത്രത്തിലേക്ക് പുറപ്പെടും മുന്‍പേയാണ് ഭണ്ഡാരവീട്ടിലെ ശ്രീകോവിലിന് മുന്‍പില്‍ കലശം കുളി ചടങ്ങ് നടന്നത്. ഇനി അദ്ദേഹം പാലക്കുന്ന് കഴകത്തിലെ സര്‍വര്‍ക്കും കാര്‍ന്നോച്ചനാണ് . ക്ഷേത്ര ആചാര നിര്‍വഹണവുമായി ബന്ധപ്പെട്ടവരും ഭാരവാഹികളും കീഴൂര്‍ കാട്ടൂര്‍ വളപ്പ് തറവാട്ടുകാരും ബന്ധുക്കളും സാക്ഷിയായ ചടങ്ങ് കാണാന്‍ നൂറുകണക്കിന് ഭക്തര്‍ ഭണ്ഡാര വീട്ടിലെത്തിയിരുന്നു. കലശം കുളിയുടെ ഭാഗമായി നിയുക്ത കാരണവര്‍ കുടുംബാംഗങ്ങളോടൊപ്പം താറവാട്ടിലെത്തി മൂപ്പന്മാരെയും മറ്റും വന്ദിച്ച് അനുഗ്രഹം വാങ്ങിയശേഷമാണ് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയത്. ആദ്യം ചെമ്പുകുടത്തില്‍ നിന്നാണ് തീര്‍ത്ഥം നല്‍കിയത്. തുടര്‍ന്ന് കിണ്ടി, കൈവട്ട എന്നിവയില്‍ നിന്നും അവസാനമായി ശംഖില്‍ നിന്നും ജലാഭിഷേകം നടത്തിയാണ് 49 കാരനായ ഹരിദാസ് ആചാരസ്ഥാനം ഏറ്റെടുത്തത്. കുട്ട്യന്‍ കാരണവര്‍ നിര്യാതനായ ഒഴിവിലേക്കാണ് 10 വര്‍ഷത്തിന് ശേഷം ദേവിയുടെ പരിചാരകനായി ഹരിദാസ് കലശം കുളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *