പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവത്തിന്
ഭക്തിസാന്ദ്രമായ തുടക്കം. അര്‍ധരാത്രിക്ക് ശേഷമാണ് കൊടിയേറ്റ ചടങ്ങുകള്‍ പൂര്‍ത്തിയായതെങ്കിലും വലിയൊരു പുരുഷാരമാണ് ഇത് കാണാന്‍ ക്ഷേത്രത്തിലെത്തിയത്. പള്ളിപ്പുറം-കൂവത്തൊട്ടി-അരമങ്ങാനം തിരുമുല്‍കാഴ്ചയുടെ ഭാഗമായുള്ള 101 വര്‍ണ മുത്തുക്കുടകളും രണ്ട് സത്യക്കുടകളും ഭണ്ഡാര വീട്ടില്‍ കൊടിയേറ്റ നാളില്‍ സമര്‍പ്പിച്ചു. ക്ഷേത്രത്തിലെ അനുഷ്ഠാന ആചാര ചടങ്ങുകളും ഐതീഹ്യങ്ങളും കോര്‍ത്തിണക്കി സംഘം ഷാഫി എന്ന കരിപ്പോടി മുഹമ്മദ് ഷാഫി സംവിധാനം ചെയ്ത ‘പാലക്കുന്നമ്മ’ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനവും അതിന്റെ പ്രദര്‍ശനവും ക്ഷേത്രത്തില്‍ നടന്നു. ഷാഫിയെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും തിരു സന്നിധിയില്‍ ആദരിച്ചു.
8ന്( വെള്ളി) പകല്‍ അച്ചേരി മഹാവിഷ്ണു ക്ഷേത്ര മാതൃസമിതിയുടെയും ഉദയമംഗലം കൃഷ്ണമുരാരി വനിതാ സംഘത്തിന്റെയും ലളിതാ സഹസ്രനാമ പാരായണവും രാത്രി പൂരക്കളിയും ഉണ്ടായിരുന്നു. നീര്‍വേട്ട സമുദായക്കാരുടെ ഭൂതബലിപ്പാട്ട് ദേവലോകത്ത് നിന്ന് ദേവി ഇറങ്ങിവരുന്ന കഥകള്‍ പാടി കേള്‍പ്പിച്ചു. പുലര്‍ച്ചെ ഭൂതബലി ഉത്സവം നടന്നു. 9ന് (ശനി) താലപ്പൊലി ഉത്സവമാണ്. ഉച്ചയ്ക്ക് 12ന് കാസര്‍കോട് കല്ലങ്കയ് ഹരിജാല്‍ മഹാവിഷ്ണു മഹിളാ സംഘവും 2ന് പെരിയ പതിക്കാല്‍ ദേവി സമിതിയും ഭജന നടത്തും.4ന് ക്ഷേത്ര സംഘത്തിന്റെ ലളിതാ സഹസ്ര നാമ പാരായണം നടക്കും. രാത്രി 8ന് പൂരക്കളി.11ന് കേന്ദ്രമാതൃസമിതിയുടെ നേതൃത്വത്തില്‍ വിവിധ പ്രാദേശിക സമിതികളുടെ നൃത്തനിശയില്‍ തിരുവാതിരകളി, നാടോടി നൃത്തം, പെണ്‍കുട്ടികളുടെ പൂരക്കളി എന്നിവ ഉണ്ടായിരിക്കും. പുലര്‍ച്ചെയാണ് താലപ്പൊലി ഉത്സവം.