കേരള കേന്ദ്ര സര്‍വ്വകലാശാല ‘പ്രേരണ’:ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ് വകുപ്പ് ചാമ്പ്യന്മാര്‍

പെരിയ: വിദ്യാര്‍ത്ഥികളുടെ അക്കാദമിക് മികവ് വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള കേന്ദ്ര സര്‍വകലാശാല സംഘടിപ്പിച്ച ‘പ്രേരണ’യില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ് വകുപ്പ് ചാമ്പ്യന്മാരായി. 13 പോയിന്റാണ് ഇവര്‍ നേടിയത്. കഴിഞ്ഞ വര്‍ഷം ആദ്യമായി ‘പ്രേരണ’ നടത്തിയപ്പോഴും ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ് വകുപ്പായിരുന്നു ഒന്നാമതെത്തിയത്. ജസ്റ്റ് എ മിനിട്ട്, ക്വിസ്, ഡിബേറ്റ്, കൊഗ്‌നിറ്റീവ് എബിലിറ്റി ടെസ്റ്റ്, റോള്‍ പ്ലെ, സ്റ്റാര്‍ട്ട് അപ് ഐഡിയ തുടങ്ങി എട്ട് മത്സരങ്ങളാണ് ‘പ്രേരണ’യുടെ ഭാഗമായി നടത്തിയത്. ഓരോ വകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വയലിനിസ്റ്റ് ബാലപ്രസാദ് വിജയികള്‍ക്ക് വൈസ് ചാന്‍സലേഴ്സ് റോളിംഗ് ഷീല്‍ഡ് സമ്മാനിച്ചു.

പയസ്വിനി ഹാളില്‍ നടന്ന പരിപാടിയില്‍ സ്റ്റുഡന്റ്സ് കൗണ്‍സില്‍ ഉദ്ഘാടനം ബാലപ്രസാദ് നിര്‍വ്വഹിച്ചു. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. ഡീന്‍ സ്റ്റുഡന്റ്സ് വൈല്‍ഫെയര്‍ പ്രൊഫ. മുത്തുകുമാര്‍ മുത്തുച്ചാമി സ്വാഗതവും സ്റ്റുഡന്റ്സ് കൗണ്‍സില്‍ പ്രസിഡണ്ട് എ. ശ്രീഹരി നന്ദിയും പറഞ്ഞു. വിവിധ കലാ കായിക മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനവും നടന്നു. കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *