കിഴക്കന്‍ മലയോരത്തെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ വോള്‍ട്ടേജ് പ്രശ്‌നം ; കര്‍ഷകര്‍ ദുരിതത്തില്‍

മുള്ളേരിയ: കിഴക്കന്‍ മലയോരത്തെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമത്തില്‍ കര്‍ഷകര്‍ ദുരിതത്തില്‍. മൈലാട്ടി സബ് സ്റ്റേഷന്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കാറഡുക്ക മുതല്‍ അഡൂര്‍ വരെയും മറ്റു വിവിധ മേഖലകളിലും വോള്‍ട്ടേജ് ക്ഷാമമുണ്ട്. നിശ്ചിത കാലയളവില്‍ മൈലാട്ടി സ്റ്റേഷന്റെ അറ്റകുറ്റപണി തീര്‍ക്കാത്തതും കാരണമായി. കടുത്ത ചൂടില്‍ കൃഷിക്ക് കൃത്യമായി വെള്ളം നല്‍കാന്‍ കഴിയുന്നില്ല. അറ്റകുറ്റപണി തീരാന്‍ ഇനിയും സമയമെടുക്കുമെന്ന് അറിയുന്നു. അതിനാല്‍ വൈദ്യുതി കൃത്യമായി ലഭിക്കാത്ത പ്രശ്‌നത്തിന് പരിഹാരവും വൈകും.

കാസര്‍കോട് താലൂക്കിന്റെ വിവിധ മേഖലകളായ കാറഡുക്ക, മുളിയാര്‍, ദേലംപാടി, ബെള്ളൂര്‍, കുമ്പഡാജെ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കൃഷിക്കാര്‍ ഈ കാരണത്താല്‍ വലിയ പ്രയാസത്തിലാണ്. ചെര്‍ക്കള ടൗണ്‍ കേന്ദ്രീകരിച്ചുള്ള സബ് ഡിവിഷന്‍ ഓഫീസിനാണ് വോള്‍ട്ടേജ് പ്രശ്‌നം പരിഹരിക്കാനുള്ള ചുമതല. 36000 കണക്ഷനുള്ള മേഖലയില്‍ ഇതിനായി 12 ജീവനക്കാര്‍ മാത്രമാണുള്ളത്. വിദ്യാനഗര്‍ മുതല്‍ അഡൂര്‍ വരെയുള്ള ദൂരം ഇവര്‍ തന്നെ ഓടണം. കര്‍ഷകരുടെയും മറ്റ് ഉപഭോക്താക്കളുടെയും ദുരിതത്തിന് ബോവിക്കാനത്ത് പുതിയ ഓഫീസ് സ്ഥാപിക്കണമെന്നാണ് ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ബോവിക്കാനത്ത് ഓഫീസ് ആരംഭിക്കണമെന്നും അടിയന്തിരമായി വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ കെഎസ്ഇബി അധികൃതര്‍ തയ്യാറാകണമെന്ന് കര്‍ഷകസംഘം കാറഡുക്ക ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. നൂറുകണക്കിന് കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും പ്രശനങ്ങള്‍ക്ക് പരിഹാരം കാണണമെന്നും പ്രസിഡന്റ് എ വിജയകുമാറും സെക്രട്ടറി ഇ മോഹനനും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *